'സൈൻ സംഘടനയും ഓഫര്‍ തട്ടിപ്പിന് ഇര'; ആരോപണങ്ങൾ നിഷേധിച്ച് എ.എൻ രാധാകൃഷ്ണൻ
വാർത്ത വന്നതിന് പിന്നാലെയല്ല സൈൻ പണം തിരികെ നൽകിയതെന്നും രാധാകൃഷ്ണൻ
കൊച്ചി: സായ് ട്രസ്റ്റ് ചെയർമാൻ ആനന്ദ് കുമാറിൽ നിന്നാണ് സ്കൂട്ടർ വിതരണ പദ്ധതിയെക്കുറിച്ച് അറിയുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ രാധാകൃഷ്ണൻ. സായി ഗ്രാമത്തിന്‍റെ പേരിലാവണം അനന്തു കൃഷ്ണൻ പ്രധാനമന്ത്രിയെ കണ്ടത്. തന്‍റെ നേതൃത്വത്തിലുള്ള സൈൻ എൻജിഒയും തട്ടിപ്പിനിരയായി. വാർത്ത വന്നതിന് പിന്നാലെയല്ല സൈൻ പണം തിരികെ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂട്ടർ വിതരണ പദ്ധതിയിൽ എത്തിയ പണം തങ്ങൾ കൈപ്പറ്റിയിട്ടില്ല. ലഭിച്ച പണം എൻജിഒ ഫെഡറേഷന് കൈമാറി. സൈൻ എന്ന സംഘടനയും ഇരയാക്കപ്പെട്ടു. കോൺഫഡറേഷൻ പരിപാടികളിൽ ഐപിഎസ് ഉദ്യോഗസ്ഥർ വരെ പങ്കെടുത്തു.5620 വണ്ടികൾ വിതരണം ചെയ്തു. റീഫണ്ട് ചെയ്യൽ ആദ്യമായിട്ടല്ല. ഈ റീഫണ്ട് നേരത്തെയും നടന്നിട്ടുണ്ട്. ആളുകൾ പരിഭ്രാന്തരാകും എന്നത് സ്വഭാവികമാണ്. ഇനി കുറച്ച് ആളുകൾക്ക് മാത്രമേ കൊടുക്കാനുള്ളൂ. തങ്ങളും തട്ടിപ്പിനിരയായി. നിയമപരമായി നേരിടും.
സൈൻ സിഎസ്ആര്‍ പദ്ധതി വിഹിതം വാങ്ങിയല്ല മുന്നോട്ട് പോയത്. മേയ് മാസത്തിന് ശേഷം സ്കൂട്ടറുകൾക്കായി പണം വാങ്ങിയിട്ടില്ല. സൈൻ വാങ്ങിയ പണം പൊലീസ് പരിശോധിക്കട്ടെ. ഇരയായതിൻ്റെ പരിഗണന തനിക്ക് ലഭിക്കണമെന്നും രാധാകൃഷ്ണൻ പറഞ്ഞു.