ഡിസിസി സാധ്യതാ പട്ടികയിലെ പേരുകളില്‍ നിന്ന് മാറ്റം മൂന്നിടങ്ങളില്‍ മാത്രം; സ്ത്രീ, ദലിത് പ്രാതിനിധ്യം ഇല്ല

സാധ്യതാ പട്ടികയിൽ പറഞ്ഞ പേരുകളിൽ നിന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് കേരളത്തിലെ ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്

Update: 2021-08-29 02:02 GMT

കേരളത്തിലെ ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ഹൈക്കമാന്‍ഡ് ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്. സാധ്യതാ പട്ടികയിൽ പറഞ്ഞ പേരുകളിൽ നിന്ന് മൂന്ന് ഇടങ്ങളിൽ മാത്രമാണ് മാറ്റം സംഭവിച്ചത്. പുതിയ പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം ഇല്ല.

സാധ്യതാ പട്ടികയിൽ പറഞ്ഞ പേരുകളിൽ നിന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് കേരളത്തിലെ ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. കാലങ്ങളായി ഐ ഗ്രൂപ്പ് ഭരിച്ചിരുന്ന തിരുവനന്തപുരം എ ഗ്രൂപ്പിലേയ്ക്ക് പോയി. ഇവിടെ ഉമ്മൻചാണ്ടിയുടെ നോമിനിയായാണ് പാലോട് രവി ഡിസിസി അധ്യക്ഷനായത്. കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷിന്‍റെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടാണ് രാജേന്ദ്ര പ്രസാദിനെ അധ്യക്ഷനാക്കിയത്. പ്രായത്തെച്ചൊല്ലി ഉയർന്ന എതിർപ്പുകൾ ഹൈക്കമാന്‍ഡ് പരിഗണിച്ചില്ല.

Advertising
Advertising

പത്തനംതിട്ടയിൽ പി ജെ കുര്യന്‍റെ നോമിനിയായി സതീഷ് കൊച്ചുപറമ്പിലും കോട്ടയത്ത് എ ഗ്രൂപ്പിൽ നിന്ന് നാട്ടകം സുരേഷും ഡിസിസി അധ്യക്ഷൻമാരാവുകയാണ്. ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ നോമിനിയായ ബാബു പ്രസാദിനെ ഡിസിസി പ്രസിഡന്‍റാക്കി. ബാബു പ്രസാദിന് പ്രാദേശിക എതിർപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ സി വേണുഗോപാലിന്‍റെ വിശ്വസ്തനായ കെ പി ശ്രീകുമാറിനെ കൊണ്ടുവരാൻ ചർച്ചകൾ നടന്നത്. എന്നാൽ ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്ന് അതുണ്ടായില്ല. എറണാകുളത്ത് മുഹമ്മദ് ഷിയാസും ഇടുക്കിയിൽ സി പി മാത്യുവും ജില്ലാ അധ്യക്ഷൻമാരായി. തൃശൂരിൽ ജോസ് വളളൂരാണ് പുതിയ ഡിസിസി പ്രസിഡന്‍റ്. 

കോഴിക്കോട് ഐ ഗ്രൂപ്പിന് നേട്ടമായി പ്രവീൺ കുമാർ ജില്ലാ പ്രസിഡന്‍റായി. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിന്റെ പേര് ഉയർന്നെങ്കിലും അവസാനം നിമിഷം വി എസ് ജോയിയുടെ പേരിലേയ്ക്കാണ് നേതൃത്വം എത്തിയത്. പാലക്കാട് എ തങ്കപ്പനും കണ്ണൂർ മാർട്ടിൻ ജോർജുമാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ നയിക്കുക. വയനാട് രാഹുൽ ഗാന്ധിയുടെ താല്‍പര്യത്തോടെയാണ് എൻ ഡി അപ്പച്ചൻ സിസിസി അധ്യക്ഷനാവുന്നത്. കാസർകോട് സമുദായ സമവാക്യങ്ങൾ പരിഗണിച്ചത് പി കെ ഫൈസലിന് അനുകൂലമായി.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News