'ഉപ്പുമാവിന് പകരം ബിർണാണി വേണം'; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോര്‍ജ്

മുട്ട ബിരിയാണി, പുലാവ് എന്നിവ ഉൾപ്പെടുത്തി ഭക്ഷണമെനു പരിഷ്കരിച്ചു

Update: 2025-06-03 12:44 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുട്ട ബിരിയാണി, പുലാവ് എന്നിവ ഉൾപ്പെടുത്തി ഭക്ഷണമെനു പരിഷ്കരിച്ചു. ആഴ്ചയിൽ രണ്ട് ദിവസം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസമാക്കി.

പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറല്‍ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌ക്കരിച്ചത്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് അങ്കണവാടി കുട്ടികള്‍ക്കുള്ള പരിഷ്‌കരിച്ച 'മാതൃക ഭക്ഷണ മെനു' മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തത്.

Advertising
Advertising

ശങ്കുവിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട മന്ത്രി ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കും എന്ന് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് വനിത ശിശുവികസന വകുപ്പ് വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്നാണ് കുട്ടികളുടെ ആരോഗ്യം ഉറപ്പ് വരുത്തി ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉള്‍പ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം വീതമാക്കി മാറ്റിയിട്ടുണ്ട്.

പരിഷ്‌ക്കരിച്ച ഭക്ഷണ മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച പ്രാതലിന് പാല്‍, പിടി, കൊഴുക്കട്ട/ഇലയട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, ഇലക്കറി, ഉപ്പേരി/തോരന്‍, പൊതുഭക്ഷണമായി ധാന്യം, പരിപ്പ് പായസം.

ചൊവ്വാഴ്ച പ്രാതലിന് ന്യൂട്രി ലഡു, ഉച്ചയ്ക്ക് മുട്ട ബിരിയാണി/മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പൊതുഭക്ഷണമായി റാഗി അട.

ബുധനാഴ്ച പ്രാതലിന് പാല്‍, പിടി, കൊഴുക്കട്ട/ഇലയട, കടല മിഠായി, ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ട് കറി, സോയ ഡ്രൈ ഫ്രൈ, പൊതുഭക്ഷണം ഇഡ്ഢലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി.

വ്യാഴാഴ്ച രാവിലെ റാഗി, അരി-അട/ഇലയപ്പം, ഉച്ചയ്ക്ക് ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, മുട്ട, ഓംലറ്റ്, പൊതുഭക്ഷണമായി അവല്‍, ശര്‍ക്കര, പഴം മിക്‌സ്.

വെള്ളിയാഴ്ച പ്രാതലായി പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണമായി ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച രാവിലെ ന്യൂട്രി ലഡു, ഉച്ചയ്ക്ക് വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതു ഭക്ഷണമായി ധാന്യ പായസം എന്നിവ നല്‍കുന്നതാണ്.

ഓരോ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ചേരുവകളും അവയില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജം, പ്രോട്ടീന്‍ എന്നിവയടങ്ങിയ പോഷകമൂല്യവും ഉള്‍പ്പെടെയുള്ള വിവരങ്ങളും ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News