ഞാൻ വർഗീയവാദിയാണെന്നാ പറഞ്ഞത്, അയാൾ കള്ളുകുടിച്ചിട്ടുണ്ടായിരുന്നു; എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ പരാതി നൽകി അങ്കണവാടി ഹെൽപ്പർ
പൊലീസിൽ പരാതി നൽകിയ ശേഷവും സ്ഥാനാർഥി ലിജോ വീണ്ടും അങ്കണവാടിയിലെത്തി അസഭ്യം പറഞ്ഞുവെന്നും നബീസ
ഇടുക്കി: വണ്ണപ്പുറം പഞ്ചായത്ത് 13ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി അസഭ്യം പറഞ്ഞതിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അങ്കണവാടി ഹെൽപ്പർ നബീസ. വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടായതെന്നും വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നബീസ പറഞ്ഞു. പൊലീസിൽ പരാതി നൽകിയ ശേഷവും സ്ഥാനാർഥി ലിജോ വീണ്ടും അങ്കണവാടിയിലെത്തി അസഭ്യം പറഞ്ഞുവെന്നും നബീസ പറഞ്ഞു.
അതേസമയം, വർഗീയവാദിയെന്ന് വിളിച്ചിട്ടില്ലെന്നാണ് ലിജോയുടെ വിശദീകരണം. പിഡിപിക്കാരിയും മുസ്‌ലിം ലീഗുകാരിയും ആണെന്നാണ് പറഞ്ഞത്. മുസ്‌ലിം ലീഗും പിഡിപിയും വർഗീയ പാർട്ടി തന്നെയാണ്. മോശമായി പെരുമാറിയതിന് മാപ്പു ചോദിക്കുന്നുവെന്നും സംസാരിച്ചത് തെറ്റാണെന്ന് ബോധ്യപ്പെട്ടുവെന്നും ലിജോ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ലിജോ അങ്കണവാടി ഹെൽപ്പർക്ക് നേരെ അസഭ്യവർഷവും വർഗീയ പരാമർശവും നടത്തുന്ന വീഡിയോ പുറത്തുവന്നത്. വർഗീയവാദിയാണെന്നും അസഭ്യം പറയുന്നതും വിഡിയോയിലുണ്ടായിരുന്നു.