'അന്വേഷണ റിപ്പോർട്ട് മുഴുവൻ വായിക്കണം'; വാർത്താ സമ്മേളനത്തിനിടെ പ്രിൻസിപ്പലിനെയും സൂപ്രണ്ടിനെയും ഫോണിൽ വിളിച്ച് നിർദേശം നൽകിയത് ആര്?
തന്നെ കുടുക്കാൻ നീക്കം നടക്കുന്നുവെന്ന ഡോ.ഹാരിസിന്റെ ആരോപണത്തിന് പിന്നാലെയാണ് തിരു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും സംയുക്തമായി വാർത്താ സമ്മേളനം നടത്തിയത്
തിരുവനന്തപുരം: തിരു. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണം കാണാതായതിൽ ഡോ.ഹാരിസിനെ സംശയമുനയിൽ നിർത്തി മെഡിക്കൽ കോളേജ് അധികൃതർ. കാണാതായ ഉപകരണം ഡോ. ഹാരിസിന്റെ റൂമിൽ നിന്ന് കണ്ടെത്തിയെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ ജബ്ബാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വാർത്താ സമ്മേളനത്തിനിടെ റിപ്പോർട്ട് വായിക്കാനാവശ്യപ്പെട്ട് സൂപ്രണ്ടിന് ഫോൺകാളെത്തിയിരുന്നു.
ഡോ. ഹാരിസിന്റെ മുറിയിൽ നിന്നും കണ്ടെത്തിയ കാണാതായ ഉപകരണം പുതുതായി വാങ്ങി വെച്ചതാണോ എന്ന സംശയമാണ് പ്രിൻസിപ്പലും സൂപ്രണ്ടും ജനിപ്പിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കിടെ സൂപ്രണ്ടിന് വാർത്താ സമ്മേളനം നടക്കുന്ന സമയം ഫോൺ കോളുകളിലൂടെ നിർദേശങ്ങൾ ലഭിച്ചു. അന്വേഷണ റിപ്പോര്‍ട്ട് മുഴുവന്‍ വായിക്കണമെന്നായിരുന്നു നിര്‍ദേശം. ഇത് ഉന്നതങ്ങളിൽ നിന്നുള്ള ഫോൺ കോൾ ആണെന്നാണ് സംശയം.
തന്നെ കുടുക്കാൻ നീക്കം നടക്കുന്നുവെന്ന ഡോ.ഹാരിസിന്റെ ആരോപണത്തിന് പിന്നാലെയാണ് തിരു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും സംയുക്തമായി വാർത്തീ സമ്മേളനം നടത്തിയത്. ഡോ. ഹാരിസിന്‍റെ മുറി രണ്ടുതവണ പരിശോധിച്ചതായി പ്രിൻസിപ്പൽ പറഞ്ഞു . ആഗസ്റ്റ് ആറിന് ആദ്യ പരിശോധനയിൽ കാണാതായ മോസിലോസ്‌കോപ്പ് എന്ന ഉപകരണം കണ്ടെത്തി.
ഇന്നലെ വീണ്ടും പരിശോധന നടത്തിയപ്പോൾ ആദ്യ പരിശോധനയിൽ കാണാത്ത പുതിയൊരു പെട്ടി കണ്ടെത്തിയതായും അതിൽ മോസിലോസ്കോപ്പ് എന്ന ഉപകരണം വാങ്ങിയതിന്റെ ബിൽ കണ്ടെത്തിയതായും പ്രിൻസിപ്പൽ വ്യക്തമാക്കുന്നു. ഇതിൽ അസ്വാഭാവികതയുണ്ടെന്നും അടച്ചിട്ട ഡോ. ഹാരിസിന്റെ മുറിയിൽ അതിക്രമിച്ച് കടന്നു ബില്ലും പുതിയ ഉപകരണവും കൊണ്ടുവെച്ചതായി സംശയിക്കുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു.അതിനിടെ ഡോ. ഹാരിസിൻ്റെ മുറിയിൽ ആരെങ്കിലും അതിക്രമിച്ചു കയറിയിട്ടുണ്ടെങ്കിൽ സ്വതന്ത്ര അന്വേഷണം വേണമെന്നു കെ.ജി.എം.സി.ടി.എ ആവശ്യപ്പെട്ടു.
ഡോ. ഹാരിസിനെ സംരക്ഷിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രതികരണം.