പി.സി ജോർജിനെതിരെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പരാതി

വിദ്വേഷ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന ജോർജിന്‍റെ നിലപാട് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണാണ് പരാതിയില്‍ പറയുന്നത്

Update: 2022-05-02 01:28 GMT

തിരുവനന്തപുരം: പി സി ജോർജിനെതിരെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പരാതി. വിദ്വേഷ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന ജോർജിന്‍റെ നിലപാട് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണാണ് പരാതിയില്‍  പറയുന്നത്. ഡി.വൈ.എഫ്.ഐ നേതാവ് അൻവർഷാ പാലോടാണ് ജോര്‍ജിനെതിരെ വീണ്ടും പരാതി നൽകിയത്. ഉപാധികളോടെയാണ് ജോര്‍ജിന് ജാമ്യം ലഭിച്ചത്. ഈ ഉപാധികള്‍  ലംഘിക്കുന്ന പരാമര്‍ശങ്ങളാണ് ജോര്‍ജ് നടത്തിയത്. കുറ്റം ആവർത്തിച്ച പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. 

അതേ സമയം പിസി ജോർജിൻ്റെ വിദ്വേഷ പ്രസംഗത്തിൽ കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. ഇതിന് പൊലിസിന് സർക്കാര്‍ നിർദേശം നല്‍കി. ജാമ്യം നൽകിയ കീഴ്ക്കോടതി നടപടിക്കെതിരെ അപ്പീൽ നൽകുന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും. പിസി ജോർജ് ബിജെപിയുമായി അടുക്കുന്നത് രാഷ്ട്രീയമായി തുറന്നുകാട്ടാനാണ് സിപിഎം നീക്കം.

Advertising
Advertising

വിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം നൽകിയത് സർക്കാറിന് തിരിച്ചടിയായിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടും ജാമ്യം കിട്ടിയതിനെ പൊലിസ് ഗൗരവമായാണ് കാണുന്നത്. കേസിൽ വിട്ടുവീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിർദേശമുള്ളതുകൊണ്ട് കീഴ്ക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് പൊലീസിൻ്റെ നീക്കം.

പിസി ജോർജി ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരിക്കും കോടതിയെ സമീപിക്കുക. അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ കേസിൽ ഹാജരാവാത്തത്കൊണ്ടാണ് ജാമ്യം ലഭിച്ചത് എന്ന പ്രചാരണം പൊലിസ് തള്ളുന്നുമുണ്ട്. പിസി ജോർജ് ബിജെപിയുമായി അടുക്കുന്നതിൻ്റെ ആദ്യപടിയാണ് വിദ്വേഷ പ്രസംഗമെന്നാണ് സിപിഎം വിലയിരുത്തൽ. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പരസ്യ പിന്തുണ പ്രഖ്യാപിച്ചതും പിസിയെ ബിജെപി പാളയത്തിലെത്തിക്കാനാണെന്ന് കരുതുന്നവരുമുണ്ട്. വർഗീയ ദ്രുവീകരണം ലക്ഷ്യം വെക്കുന്ന ബിജെപിയുടെ ഈ നീക്കത്തെ രാഷ്ട്രീയമായി തുറന്നുകാട്ടാനാണ് സിപിഎമ്മിൻ്റെ തീരുമാനം

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News