ആറളം കാട്ടാന ആക്രമണം: ആനമതിൽ വേഗത്തിൽ പൂർത്തിയാക്കും; കുടുംബത്തിലെ ഒരാൾക്ക് താത്കാലിക ജോലി നൽകും
അഞ്ച് മണിക്കൂറുകൾ നീണ്ട പ്രതിഷേധമാണ് ആറളത്ത് അവസാനിച്ചത്
കണ്ണൂർ: ആറളത്ത് കാട്ടാനയാക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ പ്രതിഷേധത്തിന് സമവായം. വനം മന്ത്രി നേരിട്ടെത്തി നൽകിയ ഉറപ്പുകളിൽ പ്രതിഷേധം അവസാനിപ്പിച്ചു.
അഞ്ച് മണിക്കൂറുകൾ നീണ്ട പ്രതിഷേധമാണ് ആറളത്ത് അവസാനിച്ചത്. കലക്ടറും എസ്പിയും നടന്നിയ ചർച്ച പരാജയപെട്ടതോടെയാണ് വനം മന്ത്രി നേരിട്ടെത്തിയത്. ഇന്ന് രാവിലെ നടന്ന സർവകക്ഷി യോഗത്തിൽ തീരുമാനങ്ങൾ മന്ത്രി പ്രതിഷേധരോടെ പങ്കുവെച്ചു. നിർമാണം നിർത്തിവെച്ച ആനമതിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. അടിക്കാട് വെട്ടുന്നതിനുള്ളുള്ള പ്രവൃത്തികൾ ആരംഭിക്കും, ആർആർടി സംഘത്തെ ശക്തിപ്പെടുത്തും, കൊല്ലപ്പെട്ട കുടുംബത്തിലെ ഒരാൾക്ക് താത്കാലിക ജോലി നൽകും, ധനസഹായം നാളെത്തന്നെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
മരിച്ച വെള്ളിയുടെയും ലീലയുടെയും മൃതദേഹവുമായുള്ള ആംബുലൻസ് പ്രദേശത്ത് നിന്ന് ഉടൻ തന്നെ മാറ്റും. അഞ്ച് മണിക്കൂറോളം ആംബുലൻസ് നാട്ടുകാർ തടഞ്ഞുവെച്ചിരുന്നു.