ആറന്മുള വിമാനത്താവള വിവാദ ഭൂമി: ടോഫൽ കമ്പനി പദ്ധതി സാധ്യതകൾ തേടി വീണ്ടും ഐടി വകുപ്പ്
ഈ മാസം രണ്ടിനാണ് കലക്ടർക്ക് കത്ത് നൽകിയത്
തിരുവനന്തപുരം: ആറന്മുള വിമാനത്താവള വിവാദ ഭൂമിയിൽ വീണ്ടും ഐടി വകുപ്പിൻ്റെ നീക്കം. ടോഫൽ കമ്പനി പദ്ധതിയുടെ സാധ്യതകൾ തേടി വീണ്ടും കലക്ടർക്ക് കത്ത് നൽകി.ഈ മാസം രണ്ടിനാണ് കത്ത് നൽകിയത്. ജൂൺ 16 ന് പദ്ധതി ഉപേക്ഷിക്കാൻ ചീഫ് സെക്രട്ടറി തല യോഗത്തിൽ തീരുമാനിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ നീക്കം.ഐ ടി സ്പെഷ്യൽ സെക്രട്ടറിയുടെ കത്തും ചീഫ് സെക്രട്ടറിതല യോഗത്തിന്റെ മിനിട്ട്സും മീഡിയവണിന് ലഭിച്ചു.
കഴിഞ്ഞമാസം പത്തിനായിരുന്നു ചീഫ് സെക്രട്ടറി തലയോഗം . യോഗത്തിൽ ഐടി, റവന്യു , കൃഷി, നിയമ, പരിസ്ഥിതി വകുപ്പ് സെക്രട്ടറിമാർ പങ്കെടുത്തു. പദ്ധതി പ്രദേശം 90 ശതമാനവും നിലമാണെന്നും ഡേറ്റാ ബാങ്കിൽ ഉൾപ്പെടുന്നതാണെന്നും ഉള്ള കൃഷിവകുപ്പിന്റെ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് പദ്ധതി നിർദ്ദേശം നിരാകരിക്കാനായിരുന്നു യോഗ തീരുമാനം. ഒപ്പം ആറന്മുള വിമാനത്താവളത്തിന്റെ പേരിൽ നികത്തിയ ഭൂമി പൂർവസ്ഥിതിയിൽ ആക്കാനും തീരുമാനിച്ചു.
എന്നാൽ ടോഫൽ നൽകിയ പദ്ധതി അതേപടി വിട്ടു കളയാൻ ഐടി വകുപ്പ് തയ്യാറല്ല. വീണ്ടും പത്തനംതിട്ട കലക്ടറിൽ നിന്നും ഈ മാസം രണ്ടിന് ഐടി സ്പെഷ്യൽ സെക്രട്ടറി റിപ്പോർട്ട് തേടി . പദ്ധതി പ്രദേശത്തിന്റെ വിവിധ വിവരങ്ങൾക്കൊപ്പം പദ്ധതി പദ്ധതി നിർദേശങ്ങളും കലക്ടറോട് പരിശോധിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെ.ജി.എസ് പേരുമാറ്റി സ്ഥാപിച്ച ടോഫൽ കമ്പനിയുടെ പദ്ധതി നിർദ്ദേശം ഉന്നതല സമിതി തള്ളിയിട്ടും വീണ്ടും ഐടി വകുപ്പ് നടത്തിയ നീക്കം ദുരൂഹതകൾക്ക് ആക്കം കൂട്ടുകയാണ്.
ലഭിച്ചു.