ഹൈക്കോടതി നിര്‍ദേശം; ശബരിമലയിൽ അരവണ വിതരണം നിർത്തിവച്ചു

ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക കൊണ്ട് തയാറാക്കിയ അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി വിലക്കിയിരുന്നു

Update: 2023-01-11 14:44 GMT
Editor : Shaheer | By : Web Desk
Advertising

കൊല്ലം: ശബരിമലയിലെ അരവണ വിതരണം നിർത്തിവച്ചു. ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് നടപടി. ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക കൊണ്ട് തയാറാക്കിയ അരവണ വിതരണം ചെയ്യുന്നത് ഇന്ന് ഹൈക്കോടതി വിലക്കിയിരുന്നു.

കോടതി നിരീക്ഷണത്തോട് യോജിക്കുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പ്രതികരിച്ചു. സന്നിധാനത്തേക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾക്ക് ആവശ്യമായവയെല്ലാം പരിശോധന പൂർത്തിയാക്കി തൃപ്തികരമാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ഏലയ്ക്ക ഉപയോഗിക്കാത്ത അരവണ അടിയന്തരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇപ്പോൾ മകരവിളക്ക് നന്നായി നടത്തുക മാത്രമാണ് ലക്ഷ്യം. കൂടുതൽ പ്രതികരണങ്ങൾ ആവശ്യമാണെങ്കിൽ അതിനുശേഷം മാത്രമായിരിക്കും. തുടർന്ന് ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ദേവസ്വം ബോർഡ് പ്രത്യേകം ശ്രദ്ധിക്കുമെന്നും കെ. അനന്തഗോപൻ അറിയിച്ചു.

കരാറുകാരുടെ കിടമത്സരമാണ് പരാതിക്ക് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടതിയെ സമീപിച്ചത് ഒരു കാരാറുകാരനാണെന്നാണ് മനസിലാക്കുന്നത്. ഇന്ന് രാത്രിമുതൽ തന്നെ കൂടുതൽ അരവണ തയാറാക്കും. ഒരു ദിവസം രണ്ടര ലക്ഷം ക്യാൻ അരവണ തയാറാക്കാൻ കഴിയും. ദേവസ്വം ബോർഡ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അനന്തഗോപൻ കൂട്ടിച്ചേർത്തു.

സുരക്ഷിതമായവ കൊണ്ടുവരുന്നതുവരെ ഏലയ്ക്ക ഇല്ലാതെ അരവണ നിർമിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേർന്ന അരവണ ഉപയോഗിക്കുന്നില്ലെന്ന് സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർ ഉറപ്പുവരുത്തണം. ഗുണനിലവാരമില്ലാത്ത ഏലയ്ക്ക ചേർത്ത അരവണയുടെ സാംപിൾ പരിശോധിക്കാനും കോടതി ഉത്തരവിട്ടു. ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ അല്ലാതെയോ ദേവസ്വം ബോർഡിന് അരവണ നിർമ്മിക്കാം. ഇക്കാര്യത്തിൽ സ്‌പൈസസ് ബോർഡുമായി കൂടിയാലോചന നടത്താമെന്നും കോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്കുശേഷം വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും.

Summary: Following the High Court order, the distribution of Aravana at Sabarimala has been stopped

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News