ആരിഫ് മുഹമ്മദ് ഖാനെ ഗവർണർ സ്ഥാനത്ത് നിന്ന് ഉടന്‍ മാറ്റിയേക്കില്ല

ഗവർണർ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് അഞ്ച് വർഷം പൂർത്തിയാക്കും

Update: 2024-09-05 00:56 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവർണർ സ്ഥാനത്ത് നിന്ന് ഉടന്‍ മാറ്റിയേക്കില്ല. ഗവർണർ പദവിക്ക് സമയപരിധിയില്ലെങ്കിലും, അഞ്ച് വർഷം പൂർത്തിയാകുമ്പോൾ മാറ്റുന്നതാണ് കേരളത്തിന്‍റെ കാര്യത്തിൽ സാധാരണ നടക്കാറുള്ളത്. ഗവർണർ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് അഞ്ച് വർഷം പൂർത്തിയാക്കും.

കഴിഞ്ഞ അഞ്ചുവർഷം കണ്ടത് ഗവർണർ സർക്കാർ പോരിന്‍റെ പരമ്പര..രാജ്യത്ത് ആകെയുള്ള ഒരു ഇടതുപക്ഷ സർക്കാരിനെ വിവിധ വിഷയങ്ങളിൽ ആരിഫ് മുഹമ്മദ് ഖാൻ പ്രതിസന്ധിയിലാക്കിയതിൽ കേന്ദ്രത്തിന് സ്നേഹമുണ്ട്. സർക്കാരുമായുള്ള തർക്കങ്ങളുടെയും,അഭിപ്രായ വ്യത്യാസങ്ങളുടെയും അഞ്ചുവർഷം പൂർത്തിയാക്കുകയാണ് ഇന്ന് ആരിഫ് മുഹമ്മദ് ഖാൻ.സർവ്വകലാശാല വിഷയങ്ങള്‍മുതല്‍ ഏറ്റവും ഒടുവില്‍ വിസിമാരുടെ നിയമനം വരെ സർക്കാരും ഗവർണറും തമ്മില്‍ കൊമ്പ് കോർത്തിരുന്നു.

Advertising
Advertising

ഗവർണർ പദവിയ്ക്ക് അഞ്ചുവർഷമാണ് കാലാവധിയെന്ന് കൃത്യമായ നിർവചിച്ചിട്ടില്ല. ഭരണഘടനയുടെ 156 വകുപ്പ് പ്രകാരം അഞ്ചുവർഷത്തേക്കാണ് ഗവർണർ നിയമനം എങ്കിലും പുതിയ നിയമനം വരുന്നത് വരെ നിലവിലുള്ള ആള്‍ക്ക് പദവിയിൽ തുടരാം.2019 ജൂലൈ 29 മുതൽ ഇതുവരെ അനന്ദി ബിൻ പട്ടേൽ ഗുജറാത്ത് ഗവർണർ സ്ഥാനത്ത് പ്രവർത്തിക്കുകയാണ്. അഞ്ചുവർഷം തികയുന്ന ദിവസം മുൻഗാമി പി. സദാശിവം മാറിയിരുന്നു. എന്നാൽ ഗവർണറെ നിയമിക്കുന്ന കേന്ദ്ര സർക്കാരിൽ നിന്ന് അങ്ങനെ ഒരു തീരുമാനം ഉണ്ടായിട്ടില്ല. അതായത് പുതിയ ഗവർണറെ നിയമിക്കുന്നത് വരെ ആരിഫ് മുഹമ്മദ് ഖാന് തുടരാം. ആഴ്ചകൾക്ക് മുമ്പ് രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ കൂടിക്കാഴ്ചയിലും ഗവർണർ സ്ഥാനത്ത് തുടരുന്ന കാര്യത്തിൽ തീരുമാനങ്ങൾ ഒന്നും അറിയിച്ചിരുന്നില്ല.

ഈ മാസം അവസാനം വരെ വിവിധ പരിപാടികൾ സംസ്ഥാനത്ത് ഗവർണർ ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റുന്നില്ല എന്ന സൂചനയാണ് ഇതെല്ലാം നൽകുന്നത്.അങ്ങനെയെങ്കിൽ സർക്കാർ- ഗവർണർ പോരിൻ്റെ പുതിയ മുഖമാണ് കാണാനിരിക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News