കോതമംഗലം റിസോർട്ട് കേസ്; അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കി
ജാമ്യത്തിലിരിക്കെ ഇത്തരം ഗുരുതരമായ പ്രവൃത്തികളിൽ ഏർപ്പെട്ടത് മോശം പ്രവണതയാണെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു
എറണാകുളം: കോതമംഗലത്തെ റിസോർട്ടിൽ ഒത്തുകൂടിയ കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യം കോതമംഗലം മജിസ്ട്രേറ്റ് കോടതി റദ്ദാക്കി.
മെയ് മൂന്നിന് രാത്രി കോതമംഗലം പുന്നേക്കാടുള്ള റിസോർട്ടിൽ അർജുൻ ആയങ്കിയും സുഹൃത്തുക്കളും ഒത്തുകൂടിയ സംഭവത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ ‘ഓപ്പറേഷൻ സ്റ്റീൽ ബേഡ്’ നടപടിയുടെ ഭാഗമായിരുന്നു കേസ്. സംഘടിത കുറ്റകൃത്യങ്ങൾക്കായി സംഘം ചേർന്നുവെന്നാണ് കേസ്.
റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ കോതമംഗലം എസ്എച്ച്ഒയ്ക്ക് അർജുൻ ആയങ്കി ഭീഷണി സന്ദേശം അയച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. ജാമ്യത്തിലിരിക്കെ ഇത്തരം ഗുരുതരമായ പ്രവൃത്തികളിൽ ഏർപ്പെട്ടത് മോശം പ്രവണതയാണെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഇതോടെയാണ് അർജുൻ ആയങ്കിയുടെ ജാമ്യം കോടതി റദ്ദാക്കിയത്. ജാമ്യം റദ്ദാക്കിയതോടെ അർജുൻ ആയങ്കി ജയിലിൽ തുടരേണ്ടിവരും.