Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: ചത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായതിൽ കൊച്ചി കോർപ്പറേഷൻ പ്രമേയം അവതരിപ്പിച്ചു. കേന്ദ്രസർക്കാർ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടാണ് എൽഡിഎഫ് കൗൺസിലർ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ യുഡിഎഫ് കൗൺസിലർമാർ പിന്തുണച്ചു.
വിഷയത്തിൽ കേന്ദ്രസർക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ബിജെപി കൗൺസിലർ പറഞ്ഞു. നിയമപരമായി മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും ഇതിനുള്ള സഹായമാണ് വേണ്ടതെന്നുമാണ് ബിജെപി കൗൺസിലർ പ്രിയ പ്രസാദ് പറഞ്ഞത്.
അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. ഇവർ നാളെ സെക്ഷൻ കോടതിയെ സമീപിക്കും. കന്യാസ്ത്രീകൾ ജയിലിൽ തുടരുകയാണ്. വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് റെയില്‍വേ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലെ സ്ഥാപനങ്ങളിലേക്ക് മൂന്ന് പെണ്‍കുട്ടികളെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് എന്നാണ് വിവരം.
നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.