ആര്യാടന്‍ ഷൗക്കത്തോ വി.എസ് ജോയിയോ? മലപ്പുറം കോണ്‍ഗ്രസില്‍ അർത്ഥഗർഭമായ മൗനം; നിർണായകമാകും നിലമ്പൂർ സ്ഥാനാർഥി പ്രഖ്യാപനം

സാമുദായിക താത്പര്യങ്ങളും കോണ്‍ഗ്രസിലെ ഗ്രൂപ്പിസവുമെല്ലാം ചേർന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ചർച്ച കൂടുതല്‍ സങ്കീർണമാകുകയാണ്.

Update: 2025-04-15 09:38 GMT

ആര്യാടൻ ഷൗക്കത്ത്,വി.എസ് ജോയ് 

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ആരാകും? ഒന്നുകില്‍ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, അല്ലെങ്കില്‍ ഡിസിസി പ്രസിഡണ്ട് വി.എസ് ജോയ്. ​സഭകളെ തൃപ്തിപ്പെടുത്താന്‍ വി.എസ് ജോയിയെ സ്ഥാനാർഥിയാക്കുന്നതോടെ കഴിയുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്.

തൊട്ടടുത്ത തിരുവമ്പാടി സീറ്റ് മുസ്‌ലിം ലീഗില്‍ നിന്നും ഏറ്റെടുത്ത് ക്രൈസ്തവ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ഏറെക്കാലമായി താമരശ്ശേരി രൂപതക്കുണ്ട്. സഭയുടെ താത്പര്യവും കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും സാമുദായിക പ്രാതിനിധ്യ ചർച്ചകളുമെല്ലാം ചേർത്ത് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ചർച്ച കൂടുതല്‍ സങ്കീർണമാകുകയാണ്.

Advertising
Advertising

ഷൗക്കത്തിന് സീറ്റ് ലഭിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?

ആര്യാടന്‍ ഷൗക്കത്തിന് സീറ്റ് ലഭിച്ചില്ലെങ്കില്‍ പൊട്ടിത്തെറിക്കാനായി കാത്തു നില്‍ക്കുന്ന വലിയൊരു സംഘം നേതാക്കള്‍ മലപ്പുറത്തുണ്ട്. ആര്യാടന്‍ ഷൗക്കത്തിനോടുള്ള സ്നേഹത്തേക്കാള്‍ മലപ്പുറത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം നിയന്ത്രിക്കുന്ന എ.പി അനില്‍കുമാറിനോടുള്ള പ്രതിഷേധമാണ് കാരണം. വളരെ ജൂനിയറായ വി എസ് ജോയിയെ മലപ്പുറം ഡിസിസി പ്രസിഡണ്ടാക്കിയതിൽ എ പി അനില്‍കുമാറിന് വലിയ പങ്കുണ്ട്. മുതിർന്നവരെ തഴഞ്ഞും സാമുദായിക പ്രാതിനിധ്യം അട്ടിമറിച്ചുമാണ് ജോയിയെ കൊണ്ടുവന്നതെന്ന വിമർശനം ഷൗക്കത്തിനൊപ്പമുള്ളവർക്കുണ്ട്. നിലമ്പൂരിലെ സ്ഥാനാർഥി പ്രഖ്യാപനത്തിലും സാമുദായിക- ഗ്രൂപ്പ് - സീനിയോറിറ്റി ഘടകങ്ങള്‍ അവഗണിച്ചാല്‍ ഈ വികാരങ്ങളെല്ലാം എതിർപക്ഷം വീണ്ടും ഉയർത്തും. മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ വി എസ് ജോയ് മത്സരിക്കണമെന്നാണ് എ പി അനില്‍കുമാറും ഒപ്പം നില്‍ക്കുന്നവരും നിലപാടെടുത്തിട്ടുള്ളത്. അനില്‍കുമാറിന്‍റെ താത്പര്യം മറികടന്ന് സ്ഥാനാർഥിയെ വെക്കാന്‍ സാധ്യത കുറവാണ്. അനില്‍കുമാറിന് കെ സി വേണുഗോപാലിലുള്ള സ്വാധീനം പ്രധാന ഘടകവുമാണ്. എ പി അനില്‍കുമാർ മലപ്പുറം കോണ്‍ഗ്രസിലെ അതികായനായതോടെ എ ഗ്രൂപ്പിനെയും ആര്യാടന് ഒപ്പം നിന്നവരെയും സമ്പൂർണമായി വെട്ടിനിരത്തുന്നു എന്നൊരു പരാതി നേരത്തേ മുതലുണ്ട്.

എ.പി അനിൽകുമാർ

 

മണ്ഡലം പ്രസിഡണ്ടുമാരെ വെച്ചപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് അടക്കമുള്ളവർ ഇടഞ്ഞു. പിന്നീട് ഷൗക്കത്തും ഒപ്പമുള്ളവരും ചേർന്ന് ഫലസ്തീന്‍ ഐക്യദാർഡ്യത്തിൻ്റെ പേരിൽ മലപ്പുറത്ത് ശക്തിപ്രകടനം നടത്തി. 2021 ല്‍ വി വി പ്രകാശിനെ നിലമ്പൂർ സ്ഥാനാർഥിയാക്കിയത് ആര്യാടന്‍ ഷൗക്കത്തിന് ഡിസിസി പ്രസിഡന്റ് സ്ഥാനം നൽകിക്കൊണ്ടാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ഷൗക്കത്തിനെ മാറ്റിയത് എ ഗ്രൂപ്പിന് ക്ഷീണമായി. നിലമ്പൂരില്‍ ഷൗക്കത്തിന് സ്ഥാനാർഥിത്വം കിട്ടാതെ വന്നാല്‍ പിന്നെ പാർട്ടിയില്‍ നിന്നിട്ട് കാര്യമില്ലെന്ന നിലപാടിലാണ് ഷൗക്കത്തും ഒപ്പമുള്ളവരും. ഒരു ഡസന്‍ ഡിസിസി ഭാരവാഹികളും പത്തിലധികം കെപിസിസി ഭാരവാഹികളും ഷൗക്കത്തിന് പിന്തുണയുമായുണ്ട്.

സാമുദായിക പ്രാതിനിധ്യം

വി എസ് ജോയിയെ സ്ഥാനാർഥിയാക്കിയാല്‍ സാമുദായിക പ്രാതിനിധ്യം പാടേ അവഗണിക്കുന്നതിന് തുല്യമാകും അതെന്ന നിലപാട് ഷൗക്കത്തിന് ഒപ്പമുള്ളവർക്കുണ്ട്. 46 ശതമാനം മുസ്‍ലിംകളും 43 ശതമാനം ഹിന്ദുക്കളും 11 ശതമാനം ക്രിസ്ത്യാനികളുമാണ് നിലമ്പൂരിലുള്ളത്. വി എസ് ജോയിയെ സ്ഥാനാർഥിയാക്കിയാല്‍ കത്തോലിക്കാ സഭയെ തൃപ്തിപ്പെടുത്താമെന്ന വാദം വി എസ് ജോയിയെ പിന്തുണക്കുന്നവർക്കുണ്ട്. ഈ വാദം ഷൗക്കത്തിനൊപ്പമുള്ളവർ തള്ളുന്നു. ക്രൈസ്തവരിലെ പുതു തലമുറ സഭകളിലൊന്നിൻ്റെ ഭാഗമാണ് വി എസ് ജോയ്. അങ്ങനെയിരിക്കെ, കത്തോലിക്കാ സഭ ഒരു കാരണവശാലും വി എസ് ജോയിയില്‍ സാമുദായികമായി തൃപ്തിപ്പെടില്ല എന്നാണ് വാദം. നിലമ്പൂരില്‍ മുസ്‍ലിം സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന നിലപാട് പല മുസ്‍ലിം സംഘടനകള്‍ക്കുമുണ്ട്.

ഷാഫി പറമ്പിൽ, ടി.സിദ്ദീഖ് 

 

ഈരാറ്റുപേട്ടയുള്ള പൂഞ്ഞാറില്‍ പോലും മുസ്‍ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കാന്‍ അവസരമില്ലെന്നിരിക്കെ നിലമ്പൂരില്‍ സമുദായ അംഗം തന്നെ മത്സരിക്കണമെന്നാണ് കാന്തപുരം ഗ്രൂപ്പ് അടക്കമുള്ളവരുടെ നിലപാട്. നിയമനിർമാണ സഭകളിൽ മുസ്‍ലിം പ്രാതിനിധ്യം കുറഞ്ഞു കൊണ്ടിരിക്കെ ഇതില്‍ വിട്ടുവീഴ്ച പാടില്ലെന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്.മലബാറിലെ ആറ് കോണ്‍ഗ്രസ് എംഎല്‍മാരില്‍ മുസ്‍ലിം പ്രാതിനിധ്യം രണ്ടായിരുന്നത് ഷാഫി പറമ്പില്‍ രാജിവെച്ചതോടെ ഒന്നായി മാറി. ക്രൈസ്തവ വിഭാഗത്തില്‍ നിന്നും രണ്ട് എംഎല്‍എമാരുണ്ട്. കല്‍പ്പറ്റയിലെ ടി സിദ്ദീഖ് മാത്രമാണ് മുസ്ലിം എംഎല്‍എ .

40 ശതമാനം മുസ്‍ലിംകളുള്ള മലബാറില്‍ കോണ്‍ഗ്രസിലെ ജനപ്രതിനിധികളില്‍‍ മുസ്‍ലിം പ്രാതിനിധ്യം ഇല്ലാതാകുന്നതിൽ മുസ്‍ലിം സംഘടനകള്‍ക്ക് പ്രതിഷേധമുണ്ട്. സമസ്ത നേതാവ് സത്താർ പന്തല്ലൂർ അടക്കമുള്ളവർ ഇക്കാര്യം പലപ്പോഴും ഉന്നയിച്ചിട്ടുണ്ട്. നിലമ്പൂർ സ്ഥാനാർഥിയെ തീരുമാനിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഈ ഘടകം കൂടി പരിഗണിക്കേണ്ടി വരും.

മുസ്‍ലിം ലീഗിന് ആശങ്ക

ഷൗകത്തിനൊപ്പമുള്ളവർ ശക്തമായ സമ്മർദ്ധ തന്ത്രങ്ങളുമായി മുസ്‍ലിം ലീഗിനു പിന്നാലെയുണ്ട്. പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍ തുടങ്ങിയ നേതാക്കളെയും മുഴുവന്‍ ലീഗ് MLAമാരേയും ഷൗക്കത്തിനൊപ്പമുള്ളവർ കണ്ടു കഴിഞ്ഞു. മണ്ഡലം ഭാരവാഹികളെല്ലാം തന്നെ ലീഗ് നേതൃത്വത്തെ തുടർച്ചയായി കണ്ട് ഷൗക്കത്തിനായി സംസാരിക്കുകയാണ്.


 


സാദിഖലി തങ്ങള്‍ ,പി കെ കുഞ്ഞാലിക്കുട്ടി

ഷൗക്കത്തിന് സീറ്റ് ലഭിച്ചില്ലെങ്കില്‍ തങ്ങള്‍ യുഡിഎഫ് വിരുദ്ധ നിലപാടിലേക്ക് മാറുമെന്നാണ് മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ മുസ്‍ലിം ലീഗ് നേതൃത്വത്തിന് ആശങ്കയുള്ളതായാണ് വിവരം. നിലമ്പൂരിലെ ലീഗ് പ്രാദേശിക നേതാക്കളില്‍ നിന്ന് നേതൃത്വത്തിന് ലഭിച്ചത് ആര്യാടന്‍ ഷൗക്കത്തിന് അനുകൂലമായ പ്രതികരണമാണ്. ഷൗക്കത്തിനെ അവഗണിച്ചാല്‍ മലപ്പുറം ജില്ലയില്‍ യുഡിഎഫിന് പ്രതിസന്ധിയുണ്ടാകുമെന്ന വിലയിരുത്തല്‍ ലീഗ് നേതാക്കള്‍ക്കുണ്ട്. കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായം ചോദിക്കുന്ന മുറക്ക് ലീഗ് നിലപാടറയിക്കും.

വി.ഡി സതീശൻ

 

വി.ഡി സതീശന്‍ ജോയിക്കൊപ്പം?

വി.എസ് ജോയിക്ക് വേണ്ടി ഇപ്പോള്‍ ശക്തമായി വാദിക്കുന്നത് വി ഡി സതീശനാണ്. കെ സി വേണുഗോപാലും എ പി അനില്‍കുമാറും തന്ത്രപരമായി മൗനം പാലിക്കുമ്പോഴും സതീശന്‍ ജോയിക്ക് വേണ്ടി ഉറച്ചുനില്‍ക്കുകയാണ്. മുനമ്പം വിഷയത്തില്‍ അകന്ന കൃസ്ത്യൻ സമുദായാംഗങ്ങളെ ജോയിയെ സ്ഥാനാർഥിയാക്കി തൃപ്തിപ്പെടുത്താമെന്നാണ് വി ഡി സതീശന്‍ കരുതുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - രാഷ്ട്രീയകാര്യ ലേഖകന്‍

contributor

Similar News