കണ്ണൂരിൽ വിദ്യാർഥിക്ക് നേരെ ആക്രമണം; ആയുധങ്ങളുമായി രണ്ട് പേർ പിടിയിൽ

കഴിഞ്ഞ ഒമ്പതിന് വൈകീട്ട് നെല്ലൂന്നി വാവോട്ടുപാറ റോഡിൽ വച്ചാണ് വിദ്യാർഥിയായ അജ്മലിനെ സംഘം ആക്രമിച്ചത്.

Update: 2023-06-12 16:25 GMT
Advertising

കണ്ണൂർ: മട്ടന്നൂരിൽ വിദ്യാർഥിയെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് പിടികൂടി. നെല്ലൂന്നി സ്വദേശി എം.വി വൈശാഖ്, പെരിഞ്ചേരി സ്വദേശി വി. ജോതിഷ് എന്നിവരെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. കഴിഞ്ഞ ഒമ്പതിന് വൈകീട്ട് നെല്ലൂന്നി വാവോട്ടുപാറ റോഡിൽ വച്ചാണ് വിദ്യാർഥിയായ അജ്മലിനെ സംഘം ആക്രമിച്ചത്. ‌കോളജ് വിട്ട് ബൈക്കിൽ വീട്ടിലേക്ക് പോവുമ്പോൾ മറ്റൊരു ബൈക്കിലെത്തി മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു.

ബൈക്കിൽ നിന്ന് ചവിട്ടിത്താഴെയിട്ട സംഘം കൈയിലിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇതോടെ അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ അജ്മലിന് കാലിന് പരിക്കേൽക്കുകയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

തുടർന്ന് അജ്മലിന്റെ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് രണ്ട് പേർ പിടിയിലായത്. നെല്ലൂന്നിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇവരുടെ ബൈക്കും കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിനിടെ, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആയുധം ഒളിപ്പിച്ച സ്ഥലം പറഞ്ഞ് പൊലീസിനെ ഇവർ കുഴപ്പിക്കുകയും ചെയ്തു. വൈശാഖിനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു പ്രതിയായ ജ്യോതിഷിന്റെ വീടിന് സമീപം തുണിയിൽ ഒളിപ്പിച്ച നിലയിൽ വടിവാളും ഇരുമ്പ് പൈപ്പും കണ്ടെത്തിയത്.

മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാവാനുണ്ട്. പ്രതികളെ രാത്രിയോടെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News