Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാപിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കൂടുതൽ ഓഡിയോ സന്ദേശം പുറത്ത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വേണു ബന്ധുവിന് അയച്ച ഓഡിയോയാണ് പുറത്തുവന്നത്. തനിക്ക് എന്തെങ്കിലും സംഭിച്ചാൽ ഉത്തരവാദിത്തം ആശുപത്രി ഏൽക്കുമോ എന്നും ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോയെന്നും പുറത്തുവന്ന ഓഡിയോയിൽ വേണു ചോദിക്കുന്നു. വേണു സുഹൃത്തിനയച്ച മറ്റൊരു ഓഡിയോ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന കുടുംബത്തിന്റെ പരാതി ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന വേണുവിന്റെ ശബ്ദ സന്ദേശങ്ങൾ. ദിവസങ്ങൾ കഴിഞ്ഞിട്ടും തനിക്ക് ചികിത്സ ലഭിക്കാത്തതിനെ ചൂണ്ടിക്കാണിച്ച് സുഹൃത്തിന് അയച്ച ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
വേണു മരിച്ചതിൽ വിമർശനവുമായി നേരത്തെ തിരു. മെഡിക്കൽ കോളജ് യൂറോളജി വിഭാഗം തലവൻ ഡോക്ടർ ഹാരിസ് ചിറക്കൽ രംഗത്ത് വന്നിരുന്നു. ഗുരുതര സ്വഭാവ രോഗമുള്ളവരെ തറയിൽ കിടത്തി ചികിത്സിക്കുന്നത് പ്രാകൃത നടപടിയാണെന്ന് ഡോ. ഹാരിസ് വിമർശിച്ചു. ഇക്കാലത്തും രോഗികൾ തറയിൽ കിടക്കുന്നത് സാംസ്കാരിക കേരളത്തിന് മോശമാണെന്നും ഉപകരണങ്ങൾ കൊണ്ടുവന്നാൽ മാത്രം പോരാ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും ഡോ. ഹാരിസ് വിമർശിച്ചു.