'വിവരം ലഭിച്ചപ്പോള്‍ തന്നെ അപകടസ്ഥലത്തെത്തി; അഴീക്കല്‍ ബോട്ട് ദുരന്തത്തില്‍ തീരദേശ പൊലീസിന്‍റെ വിശദീകരണം

രക്ഷാപ്രവർത്തനത്തില്‍ കോസ്റ്റൽ പൊലീസിന്‍റെ സഹായം ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചിരുന്നു

Update: 2021-09-02 12:04 GMT

അഴീക്കല്‍ മത്സ്യബന്ധന ബോട്ടപകടത്തില്‍ വിശദീകരണവുമായി തീരദേശ പൊലീസ്. അപകടസ്ഥലത്തെത്താന്‍ പൊലീസ് വൈകിയെന്ന ആരോപണം തെറ്റാണ്. രാവിലെ 10.25നാണ് വിവരം ലഭിക്കുന്നത്. ഉടൻ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടുവെന്നും തീരദേശ പൊലീസ് വ്യക്തമാക്കുന്നു. 

ഇരവിപുരത്ത് നിരീക്ഷണം നടത്തുകയായിരുന്നു ബോട്ട്. അവിടെ നിന്ന് അഴീക്കല്‍ എത്താനെടുക്കുന്ന സമയം ഒന്നര മണിക്കൂറാണ്. ബോട്ടിന് യാത്ര ചെയ്യാൻ കഴിയുന്നത് 2000 ആർ.പി.എം പവറിലാണ്. ഒന്നര മണിക്കൂർ സമയം കൊണ്ട് അവിടെയെത്തിയെന്നും കോസ്റ്റല്‍ പൊലീസ് വിശദീകരിക്കുന്നു. 

Advertising
Advertising

രക്ഷാപ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിൻറെ സഹായം ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചിരുന്നു. അപകട വിവരം അറിയിച്ചിട്ടും അഴീക്കൽ കോസ്റ്റൽ പൊലീസിന്‍റെ പ്രതികരണം ലഭിച്ചില്ലെന്നും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നുമായിരുന്നു ആരോപണം. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളിയുടേതായിരുന്നു പ്രതികരണം.

മത്സബന്ധനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഓംകാര എന്ന ബോട്ടാണ് അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നു രാവിലെ അപകടത്തില്‍പ്പെട്ടത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശികളായ സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ, സുനിൽ ദത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 16 പേര്‍ ബോട്ടിലുണ്ടായിരുന്നു. 12 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പതിനായിരം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കൂടുതൽ സഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം പ്രഖ്യാപിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News