പീഡനക്കേസിൽ പി.സി ജോർജിന് ജാമ്യം

മുൻ മുഖ്യമന്ത്രിക്കെതിരെയടക്കം പീഡന പരാതി നൽകിയ ആളാണ് പരാതിക്കാരിയെന്നും പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും പ്രതിഭാഗം വാദിച്ചു

Update: 2022-07-02 16:39 GMT
Advertising

തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരിയുടെ പീഡനശ്രമ പരാതിയിൽ പി. സി ജോർജിന് ജാമ്യം. കേസന്വേഷണത്തോട് സഹകരിക്കണമെന്ന ഉപാധിയിലാണ് ജാമ്യം നൽകിയത്. അന്വേഷണത്തോട് നൂറ് ശതമാനം സഹകരിക്കുമെന്ന് ജാമ്യത്തിലിറങ്ങിയ ശേഷം പി.സി ജോർജ് പ്രതികരിച്ചു. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിലെ 404 നമ്പർ റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടർന്ന് ബലപ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് പരാതി. പീഡനശ്രമം, അശ്ലീല സന്ദേശം, കടന്നുപിടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്.

പി.സി ജോർജിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷൻ പ്രതി മതസ്പർദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണെന്നും കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചയാളാണെന്നും വ്യക്തമാക്കി. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ രാഷ്ട്രീയ സ്വാധീനമുള്ള പ്രതി ആവലാതിക്കാരിയെയും സാക്ഷികളെയും ഭീഷണിപ്പെടുത്തും. പുറത്തിറങ്ങിയാൽ പ്രകോപന പ്രസംഗങ്ങൾ നടത്തി ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

അതേസമയം മുൻ മുഖ്യമന്ത്രിക്കെതിരെയടക്കം പീഡന പരാതി നൽകിയ ആളാണ് പരാതിക്കാരിയെന്നും പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണിത്. രോഗിയായ പി.സി ജോർജിനെ ജയിലിലടക്കരുതെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.

ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും പരാതിക്കാരിയെ പീഡിപ്പിച്ചവർ റോഡിലൂടെ നടക്കുകയാണെന്നുമാണ് പിസി ജോർജിന്റെ പ്രതികരണം. രാവിലെ സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് പി സി ജോർജ്ജിനെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. പിന്നീട് അപ്രതീക്ഷിതമായിരുന്നു പൊലീസ് നീക്കം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News