ഭൂട്ടാൻ വാഹനക്കടത്ത്: പിടിച്ചെടുത്ത വാഹനങ്ങളിൽ ദുരൂഹത; നടൻ അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്യും
കോയമ്പത്തൂരിലെ വാഹന മാഫിയയുമായി അമിത്തിന് അടുത്ത ബന്ധം ഉണ്ടെന്നും കസ്റ്റംസ് പറയുന്നു
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിൽ നടൻ അമിത് ചക്കാലക്കലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. പിടിച്ചെടുത്ത വാഹനങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.ഏഴ് വാഹനങ്ങളായിരുന്നു അമിത് ചക്കാലക്കലില്‍ നിന്ന് പിടിച്ചെടുത്തത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് കസ്റ്റംസിന്‍റെ ഓഫീസിലേക്ക് കൊണ്ടുവന്നിട്ടുള്ളത്.ബാക്കിയുള്ളവ അമിത്തിന്‍റെ വര്‍ക്ക് ഷോപ്പിലാണുള്ളത്.
എന്നാല്‍ തന്‍റെ ഒരു വാഹനം മാത്രമാണ് പിടിച്ചെടുത്തത് എന്നായിരുന്നു കഴിഞ്ഞദിവസം അമിത് മാധ്യമങ്ങളോട് പറഞ്ഞത്. ഗോവയില്‍ നിന്ന് അഞ്ചുവര്‍ഷം മുന്‍പാണ് 99 മോഡല്‍ ലാന്‍ഡ് ക്രൂയിസര്‍ വാങ്ങിയതെന്നും മറ്റ് വാഹനങ്ങള്‍ അറ്റകുറ്റപണിക്കായി വര്‍ക്ക് ഷോപ്പിലെത്തിയവയാണെന്നുമാണ് അമിത് പറഞ്ഞത്.എന്നാല്‍ അമിത് ചക്കാലക്കലിന് വാഹനഇടപാടുമായി ബന്ധമുണ്ടെന്നും താരങ്ങള്‍ക്കടക്കം ഇത്തരത്തില്‍ കടത്തിക്കൊണ്ടുവന്ന വാഹനങ്ങള്‍ എത്തിച്ചുനല്‍കിയതില്‍ മുഖ്യഇടനിലക്കാരന്‍ അമിത് ആണെന്നുമാണ് കസ്റ്റംസ് പറയുന്നത്. പിടിച്ചെടുത്ത വാഹനങ്ങളെല്ലാം അമിത്തിന്‍റേതാണെന്നും കോയമ്പത്തൂരിലെ വാഹന മാഫിയയുമായി അടുത്ത ബന്ധം ഉണ്ടെന്നും കസ്റ്റംസ് പറയുന്നു. മാഫിയയുമായി വലിയ രീതിയിലുള്ള സാമ്പത്തിക ഇടപാടുകളുണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.കഴിഞ്ഞ ദിവസം രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
അതിനിടെ, കുണ്ടന്നൂരിൽ നിന്നും പിടിച്ചെടുത്ത വാഹനത്തിന്റെ ആർ സി വ്യാജമാണെന്ന് കണ്ടെത്തി. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി ആദ്യമായി പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തിന്റെ ആര്‍സി വിലാസമാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. കുണ്ടന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് 1992 മോഡല്‍ ലാന്‍ഡ് ക്രൂയിസര്‍ പിടിച്ചെടുത്തത്.
നടൻ ദുൽഖർ സൽമാന് രണ്ടു വാഹനങ്ങൾ കൂടി ഹാജരാക്കാൻ കസ്റ്റംസ് നോട്ടീസ് നൽകും. കൂടുതൽ സ്ഥലങ്ങളിലും ഇന്ന് പരിശോധനക്ക് സാധ്യതയുണ്ട്.