കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി; ആംബുലന്‍സ് തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു

Update: 2025-07-03 15:16 GMT

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നാളെ തലയോല പറമ്പിലെ വീട്ടില്‍ മൃതദേഹം സംസ്‌കരിക്കും. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

എന്നാല്‍ മൃതദേഹവുമായി പോയ ആംബുലന്‍സിന് മുന്നില്‍ കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തരം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പരിസരത്ത് വലിയ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.

Advertising
Advertising

പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മൃതദേഹം കൊണ്ടുപോകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു. ചാണ്ടി ഉമ്മന്‍ മാധ്യമ ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് പ്രതിഷേധവുമായി എത്തിയതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്ത് നിന്ന് മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ച് നീക്കിയ ശേഷം ആംബുലന്‍സ് കടത്തിവിട്ടു. സംഘര്‍ഷത്തില്‍ ചാണ്ടി ഉമ്മന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

അതേസമയം, മൂന്ന് ആവശ്യങ്ങളുന്നയിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടിയെ ശക്തമായി വിമര്‍ശിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. ബിന്ദുവിന്റെ മകള്‍ നവമിയുടെ ശസ്ത്രക്രിയ ചെലവ് 3.40 ലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കണമെന്നും നവമിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.

ബിന്ദുവിന്റെ മൃതദേഹം മുട്ടുച്ചിറ ഹോളി ഹോസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിക്കുക. രാവിലെ 8 മണിക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോകും.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News