'രാഹുലുമായി ഒരാളും വേദി പങ്കിടരുതെന്നത് പാർട്ടി നിലപാട്, അരുതാത്തത് സംഭവിച്ചു'; പ്രമീള ശശിധരനെ തള്ളി ബിജെപി ജില്ലാ നേതൃത്വം

രാഹുൽ രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ പറഞ്ഞു

Update: 2025-10-26 06:08 GMT
Editor : Lissy P | By : Web Desk

Photo| MediaOne

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി  വേദി പങ്കിടരുതെന്നത് പാർട്ടി നിലപാടാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ്  പ്രശാന്ത് ശിവൻ. രാഹുൽ രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരും. ഒരാളും വേദി പങ്കിടരുതെന്നാണ് പാർട്ടി നിലപാട്. പ്രമീള ശശിധരൻ പരിപാടിയില്‍ പങ്കെടുക്കരുതായിരുന്നു. പ്രമീള അരുതാത്തത് ചെയ്തു. വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇടപെടുന്നുണ്ട്.പാർട്ടി വേദികളിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു.

പ്രമീള ശശിധരൻ ചെയർ പേഴ്സൺ എന്ന നിലയ്ക്കാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പരിപാടിക്ക് പോയതെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പ്രതികരിച്ചു. രാഹുൽ വരുന്ന കാര്യം ചെയർപേഴ്സൺ അറിഞ്ഞില്ലെന്നും ബിജെപി ജനാധിപത്യ പാർട്ടിയാണ് അതിനാൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്നും ശിവരാജന്‍ പറഞ്ഞു. വികസന കാര്യത്തിൽ രാഹുലുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. 

Advertising
Advertising

സ്റ്റേഡിയം ബൈപാസ്- ജില്ലാ ആശുപത്രി ലിങ്ക് റോഡ് ഉദ്ഘാടന ചടങ്ങിലാണ് ചെയർ പേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്. രാഹുലിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് നിർമിച്ചത്. നഗരസഭാ ചെയർപേഴ്‌സണായിരുന്നു ചടങ്ങിന്റെ അധ്യക്ഷ. വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് കോൺഗ്രസ് ഇതര ജനപ്രതിനിധി രാഹുലിനൊപ്പം വേദി പങ്കിടുന്നത്.

പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ കാല് കുത്തിക്കില്ലെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നത്. കൂടാതെ രാഹുലിന്റെ ഓഫീസിലേക്ക് പലതവണ മാർച്ചും നടത്തിയിരുന്നു. ഓഫീസിന് മുന്നിൽ മഹിളാ മോർച്ചാ പ്രവർത്തകർ കോഴിയെ കെട്ടിത്തൂക്കുന്ന സാഹചര്യം പോലുമുണ്ടായി.

ഇത്തരമൊരു സാഹചര്യത്തിൽ ബിജെപി മുനിസിപ്പൽ ചെയർപേഴ്‌സൺ രാഹുലിനൊപ്പം വേദി പങ്കിട്ടത് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാൽ നഗരസഭാ ചെയർപേഴ്‌സൺ എന്ന നിലയ്ക്കാണ് ചടങ്ങിൽ പങ്കെടുത്തത് എന്നാണ് പ്രമീളയുടെ വിശദീകരണം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News