രാഹുലിനൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവം: പ്രമീള ശശിധരനോട് വിശദീകരണം തേടി ബിജെപി സംസ്ഥാന നേതൃത്വം; വിഭാഗീയത മുതലെടുക്കാന്‍ കോണ്‍ഗ്രസ്
പരിപാടിയിൽ പങ്കെടുത്തതെന്തിനെന്ന് പ്രമീള ശശിധരൻ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയോടൊപ്പം റോഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷ പ്രമീള ശശിധരനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. പരിപാടിയിൽ പങ്കെടുത്തതെന്തിനെന്ന് പ്രമീള ശശിധരൻ വ്യക്തമാക്കണം.
സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനും അതൃപ്തിയുണ്ട്. പ്രമീള ശശിധരനെതിരെ സി. കൃഷ്ണകുമാർ പക്ഷം നടപടിയാവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് നഗരസഭാ അധ്യക്ഷസ്ഥാനത്ത് നിന്നും പ്രമീള ശശിധരൻ രാജിവയ്ക്കണമെന്ന് കൃഷ്ണകുമാർ പക്ഷം ആവശ്യപ്പെട്ടു. ജില്ലാ കോർ കമ്മിറ്റി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. പ്രവർത്തകരുടെ മനോവീര്യം പ്രമീള ശശിധരൻ തർത്തുവെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. രാഹുലിനെതിരെ സമരം ചെയ്ത് കേസിൽ പ്രതികളായ പ്രവർത്തകരോട് എന്ത് മറുപടി പറയുമെന്ന് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ ചോദിച്ചു.
നടപടിയെടുത്തില്ലെങ്കിൽ പാർട്ടി അച്ചടക്കം തകരുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. പ്രമീളയെ അവഗണിച്ച് ഈ നിലയിൽ ആക്കിയത് കൃഷ്ണകുമാർ പക്ഷമെന്ന് മറുവിഭാഗവും വാദിച്ചു. അതേസമയം, പ്രമീള ശശിധരൻ യോഗത്തിൽ പങ്കെടുത്തില്ല. പ്രമീള രാഹുലിനൊപ്പം വേദി പങ്കിട്ടതിന് പിന്നാലെ ബിജെപിയിലെ ഗ്രൂപ്പിസം കൂടുതൽ ശക്തമായിരിക്കുകയാണ്.
അതേസമയം, ബിജെപിയിലെ വിഭാഗീയത മുതലെടുക്കാൻ കോൺഗ്രസ്.പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാനാണ് നീക്കം.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിടരുതെന്നത് പാർട്ടി നിലപാടാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. രാഹുൽ രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്നും ഒരാളും വേദി പങ്കിടരുതെന്നാണ് പാർട്ടി നിലപാട്. പ്രമീള ശശിധരൻ പരിപാടിയില്‍ പങ്കെടുക്കരുതായിരുന്നു. പ്രമീള അരുതാത്തത് ചെയ്തു. വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇടപെടുന്നുണ്ട്.പാർട്ടി വേദികളിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞിരുന്നു.
എന്നാല്‍ പ്രമീള ശശിധരൻ ചെയർ പേഴ്സൺ എന്ന നിലയ്ക്കാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പരിപാടിക്ക് പോയതെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പ്രതികരിച്ചത്. രാഹുൽ വരുന്ന കാര്യം ചെയർപേഴ്സൺ അറിഞ്ഞില്ലെന്നും ബിജെപി ജനാധിപത്യ പാർട്ടിയാണ് അതിനാൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്നും ശിവരാജന്‍ പറഞ്ഞു. വികസന കാര്യത്തിൽ രാഹുലുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.