തിരു.കോർപറേഷൻ മേയർ സ്ഥാനത്തിന് ബിജെപിയിൽ കരുനീക്കം; അധ്യക്ഷന്മാർക്കായി മുന്നണികളിൽ ചർച്ചകൾ സജീവം
കൊച്ചി, തൃശൂർ കോർപ്പറേഷനുകളിലെ ഭരണം തിരിച്ചുപിടിച്ച യുഡിഎഫിലും മേയർ സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്
തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ മുന്നണികൾക്കുള്ളിൽ സജീവം. ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിച്ച ബിജെപിയിൽ മേയർ സ്ഥാനം ലഭിക്കാനായി കരുനീക്കങ്ങൾശക്തമാണ്. കൊച്ചി, തൃശൂർ കോർപ്പറേഷനുകളിലെ ഭരണം തിരിച്ചുപിടിച്ച യുഡിഎഫിലും മേയർ സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.
കോഴിക്കോട് ജില്ല പഞ്ചായത്ത് അടക്കം പിടിച്ചെടുത്തുള്ള വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ബിജെപിക്ക് അനുകൂലമായി ചില വാർഡുകൾ വിഭജിച്ചില്ലായിരുന്നെങ്കിൽ കോർപ്പറേഷൻപിടിക്കാമായിരുന്നെന്നും കോൺഗ്രസ് വിലയിരുത്തൽ. എന്നാൽ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ തിരുത്തൽ വരുത്തണമെന്ന സമ്മർദം എൽഡിഎഫിലുണ്ട്.
പാലക്കാട് നഗരസഭയിൽ മൂന്നാം തവണയും ബിജെപി ഭരണത്തിന് സാധ്യത. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി ഭരിക്കനാണ് സാധ്യത. സ്വതന്ത്രനെ മുൻനിർത്തി യുഡിഎഫ്-എല്‍ഡിഎഫ് സംയുക്ത ഭരണത്തിനും സാധ്യതയുണ്ട്.
യുഡിഎഫ്-എല്‍ഡിഎഫ് ഒന്നിച്ച് ഭരണം പങ്കിട്ടാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഗുണകരമാവില്ലെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. വരും ദിവസങ്ങളിൽ അന്തിമ തീരുമാനം എടുക്കും.ബിജെപി ഭരിക്കുകയാണെങ്കിൽ സംസ്ഥാന ട്രഷറർ ഇ . കൃഷ്ണദാസ് ചെയർമാനാകാനാണ് സാധ്യത.
തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപി ഭരണം ഒഴിവാക്കാനുള്ള സമീപനം സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നിലപാട് മൂലം ബിജെപി ഭരിക്കില്ലെന്ന് കെ.ബാബു പറഞ്ഞു. എന്നാല്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ സിപിഎം എണറാകുളം ജില്ലാ സെക്രട്ടറി എസ്.സതീഷ് തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നീക്ക് പോക്ക് ഉണ്ടായോ എന്ന് പരിശോധിക്കണമെന്ന് എസ്. സതീഷ് മീഡിയവണിനോട് പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നീക്ക് പോക്ക് ഉണ്ടായോ എന്ന് പരിശോധിക്കേണ്ടി വരും. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് 21 സീറ്റുണ്ട്. എല്‍ഡിഎഫിന് 20 ഉം യുഡിഎഫിന് 12 ഉം സീറ്റാണുള്ളത്.
കെ.ജി രാധാകൃഷ്ണന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായേക്കും. പ്രസിഡന്റ് സ്ഥാനം എസ് സി സംവരണമാണ്.പാമ്പാക്കുട ഡിവിഷനില്‍ നിന്നാണ് കെ ജി രാധാകൃഷ്ണന് വിജയിച്ചത്.ഈ വിഭാഗത്തിലെ കോണ്‍ഗ്രസിലെ ഏക പ്രതിനിധിയാണ് കെ.ജി രാധാകൃഷ്ണന്‍.