'ജീവനൊടുക്കിയാൽ ഉത്തരവാദി ഇലക്ഷൻ കമ്മീഷനും എസ്‌ഐആറും'; ബിഎൽഒയുടെ ശബ്ദ സന്ദേശം പുറത്ത്, ഫോൺ സ്വിച്ച് ഓഫ് ആക്കിയ നിലയിൽ
ബിഎല്‍ഒമാര്‍ നേരിടുന്ന തൊഴിൽ സമ്മർദം വ്യക്തമാക്കുന്നതാണ് പൂഞ്ഞാറിലെ ബിഎല്‍ഒ ആൻ്റണിയുടെ ശബ്ദ സന്ദേശം
കോട്ടയം: കോട്ടയത്ത് എസ്ഐആര്‍ ജോലി സമ്മർദത്തെ തുടർന്ന് ബിഎല്‍ഒയുടെ ആത്മഹത്യാ ഭീഷണി. പൂഞ്ഞാർ 110-ാം ബൂത്തിലെ ബിഎല്‍ഒ ആൻ്റണി ആണ് ദയനീയാവസ്ഥ പറഞ്ഞ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഓഡിയോ സന്ദേശം പങ്കുവെച്ചത്. താന്‍ ജീവനൊടുക്കിയാല്‍ ഉത്തരവാദി ഇലക്ഷന്‍ കമ്മീഷനാണെന്ന് ആന്‍റണി പറയുന്നു. ബിഎല്‍ഒമാര്‍ നേരിടുന്ന തൊഴിൽ സമ്മർദം വ്യക്തമാക്കുന്നതാണ് ആൻ്റണിയുടെ ശബ്ദ സന്ദേശം .
'നാട്ടുകാരുടെ തെറി കേൾക്കണം,റവന്യൂക്കാരുടെ തെറികേൾക്കണം.ഇങ്ങേർക്കൊക്കെ എസി റൂമിലിരുന്ന് എന്തും പറയാം.വെയിലു കൊണ്ട് പുറത്തിറങ്ങുന്ന മനുഷ്യരുടെ ബുദ്ധിമുട്ട് ഇവർക്കറിയില്ല.ഒന്നുകിൽ ഞാൻ ആത്മഹത്യ ചെയ്യും.അതിന് ഉത്തരവാദി ഇലക്ഷൻ കമ്മീഷനും എസ്‌ഐആറുമാണ്. ഇലക്ഷൻ കമ്മീഷനും റവന്യൂവകുപ്പും ഞങ്ങളെ ചൂഷണം ചെയ്യുകയാണ്. മാനസികമായും ശാരീരികമായും ചൂഷണം ചെയ്ത് അടിമപ്പണി ചെയ്യിപ്പിക്കുന്നത് നിർത്തണം.മാനസിക നില തകർന്നുപോയി. എന്നെ ഈ ജോലിയിൽ നിന്ന് ഒഴിവാക്കണം,മടുത്ത്,സഹികെട്ടാണ് ഈ പറയുന്നത്...'ആന്റണി പറയുന്നു.
ഇടുക്കിയിൽ പോളി ടെക്നിക്ക് ജീവനക്കാരനാണ് ആൻ്റണി. ഇദ്ദേഹത്തിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. മുണ്ടക്കയം പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.