മാക്കൂട്ടം ചുരത്തിൽ മൃതദേഹം സ്യൂട്ട്‌കേസിൽ കണ്ടെത്തിയ സംഭവം: കേരളത്തിലേക്കും അന്വേഷണം

കണ്ണൂർ കണ്ണവത്ത് നിന്ന് കാണാതായ യുവതിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്

Update: 2023-09-21 06:40 GMT
Editor : Lissy P | By : Web Desk

കണ്ണൂർ: കേരള-കർണാടക അതിർത്തിയായ മാക്കൂട്ടം ചുരത്തിൽ മൃതദേഹം കണ്ടെത്തിയതിൽ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ട്രോളി ബാഗിൽ കണ്ടെത്തിയ മൃതദേഹം ആരുടെതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടത് 25നും 30നും ഇടയിൽ പ്രായമുള്ള യുവതിയാണെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ കണ്ണവത്ത് നിന്ന് കാണാതായ യുവതിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് തലശ്ശേരി - മൈസൂർ അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം ചുരത്തിൽ യുവതിയുടെ മൃതദേഹം ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കർണാടകയിൽ നിന്ന് കാണാതായ നാല് യുവതികളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. എന്നാൽ മൃതദേഹം ഇവരുടേത് അല്ലെന്ന് കണ്ടെത്തിയതോടെയാണ് പൊലീസിന്റെ സംശയം കണ്ണൂർ കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ യുവതിയിലേക്ക് തിരിഞ്ഞത്.

Advertising
Advertising

കേസന്വേഷണത്തിനായി വിരാജ്പേട്ട റൂറൽ സി.ഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കണ്ണവത്ത് എത്തി. യുവതിയുടെ വീട്ടിലെത്തിയ പൊലീസ് വിശദാംശങ്ങൾ ശേഖരിച്ചു. ഡി.എൻ.എ പരിശോധനയ്ക്കായി അമ്മയുടെ രക്ത സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട യുവതി മലയാളിയാകാമെന്ന സംശയം ബലപ്പെട്ടതിന് പിന്നാലെയാണ് കർണാടക പൊലീസിന്റെ നടപടി. ഊട്ടിയിൽ നിന്ന് നിന്ന് കാണാതായ ഒരു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മൃതദേഹത്തിന്റെ പഴക്കം കണക്കാക്കി രണ്ടാഴ്ച മുൻപ് സംസ്ഥാന അതിർത്തിയായ കൂട്ടുപുഴ - പെരുമ്പാടി വഴി കടന്നുപോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News