Writer - രാഗേന്ദു പി.ആർ
Web Journalist
മലപ്പുറം: ദേശീയപാതയിലൂടെ മൊബൈല്‍ ഫോണ്‍ വിളിച്ച് ബസ് ഓടിച്ച സംഭവത്തില്‍ നടപടി. കുറ്റിപ്പുറം പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. തിരൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ദേശീയപാതയിലൂടെ ഫോണ്‍ ഉപയോഗിച്ച് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ ഓടുന്ന ശാസ്താ ബസിലെ ഡ്രൈവറാണ് ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചത്. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് കാറിന് മുകളിലേക്ക് ബസ് മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് നിന്ന് 100 മീറ്റര്‍ അകലെ വെച്ചായിരുന്നു സംഭവം.
പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇതുവരെ എത്തിയിട്ടില്ലെന്നാണ് വിവരം. നിലവില്‍ ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
നിയമലംഘനം നടത്തിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് കടക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.