കാശിക്ക് പോയ ശിവസൂര്യ എവിടെ?; കണ്ടെത്താൻ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു
അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി പ്രാഥമിക പരിശോധന നടത്തി
കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിലെ ശിവസൂര്യയുടെ തിരോധനത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. ശിവസൂര്യയുടെ അച്ഛൻ ജിഗീഷിൻ്റെ മൊഴിയെടുത്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായാണ് പ്രാഥമിക പരിശോധന നടത്തിയത്.
സംഭവത്തിൽ വാരണാസിയിൽ നടത്തിയ പരിശോധനയ്ക്കു ശേഷം പൊലീസ് അന്വേഷണസംഘം മടങ്ങിയിരുന്നു. വാരണാസിയിൽ കുട്ടി എത്തിയതിനെക്കുറിച്ച് യാതൊരുവിധ സൂചനകളും ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടുപേരടങ്ങുന്ന അന്വേഷണസംഘം അവിടെ നിന്നും മടങ്ങിയത്.
ആഗസ്റ്റ് എട്ടിനാണ് മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങി വെച്ചതിലുള്ള മനോവിഷമത്തിൽ കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തിൽ അലിയുമെന്നും കത്തെഴുതി വെച്ച് ശിവസൂര്യ നാടുവിട്ടത്. കാണാതായി മാസങ്ങൾ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പെരിങ്ങത്തൂർ, പാനൂർ, തലശ്ശേരി, കോഴിക്കോട്, വടകര തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് മുൻപ് അന്വേഷണം നടത്തിയിരുന്നു.