'വെറും ഈയാംപാറ്റകൾ, ഓവറാക്കി ചളമാക്കരുത്'; സിജെപിയെ പരിഹസിച്ച് വി.ടി ബൽറാം

കേരളത്തിൽ SIR നടന്ന സമയത്ത് പിണറായി വിജയൻ്റെ പാർട്ടിയായിരുന്നു അധികാരത്തിൽ

Update: 2026-10-09 05:16 GMT

പാലക്കാട്: പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ്ഐആറിലൂടെയാണെന്ന കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപ്കെയുടെ പരാമര്‍ശത്തിനെതിരെ വി.ടി ബൽറാം എംഎൽഎ. ഓവറാക്കി ചളമാക്കരുത് എന്ന് ഈ ടൈപ്പ് ഈയാംപാറ്റകളോട് പറയേണ്ടി വരുന്നത് ഇതൊക്കെ കാണുമ്പോഴാണ്. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അടപടലം തോറ്റതെങ്ങനെയാണെന്ന് പിണറായി വിജയൻ്റെ സ്വന്തം പാർട്ടി ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെ വിശദമായി ചർച്ച ചെയ്ത് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് കമ്മിഷനും ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും ഇത്തരത്തിൽ വോട്ടുകൾ വെട്ടിയാണ് പിണറായി വിജയൻ സർക്കാരിനെ ഉൾപ്പടെ താഴെയിറക്കിയതെന്നുമാണ് ബെംഗളൂരുവിലെ ഫ്രീഡംപാർക്കിൽ നടന്ന ജനകീയ ട്രൈബ്യൂണലിൽ ദീപ്‍കെ പറഞ്ഞത്.

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഓവറാക്കി ചളമാക്കരുത് എന്ന് ഈ ടൈപ്പ് ഈയാംപാറ്റകളോട് പറയേണ്ടി വരുന്നത് ഇതൊക്കെ കാണുമ്പോഴാണ്. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അടപടലം തോറ്റതെങ്ങനെയാണെന്ന് പിണറായി വിജയൻ്റെ സ്വന്തം പാർട്ടി ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെ വിശദമായി ചർച്ച ചെയ്ത് കണ്ടെത്തിയിട്ടുണ്ട്. അവർക്ക് സംഭവിച്ച തെറ്റുകൾ കുറെയൊക്കെ അവർ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൻ്റെയടിസ്ഥാനത്തിൽ ഏതാണ്ടൊക്കെയോ തെറ്റുതിരുത്തലുകളും അവർ തന്നെ നടത്തുന്നുണ്ടെന്ന് പറയപ്പെടുന്നു.

അപ്പോഴാണ് ഇന്നലെവരെ അമേരിക്കയിലായിരുന്ന ഇദ്ദേഹത്തിൻ്റെ പുതിയ കണ്ടുപിടുത്തങ്ങൾ. കേരളത്തിൽ SIR നടന്ന സമയത്ത് പിണറായി വിജയൻ്റെ പാർട്ടിയായിരുന്നു അധികാരത്തിൽ. അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മുതലുള്ള ഉദ്യോഗസ്ഥരെല്ലാം പിണറായി സർക്കാർ പ്രത്യേകം തെരഞ്ഞുപിടിച്ച് നിയോഗിച്ചവരുമായിരുന്നു. അന്നത്തെ പ്രതിപക്ഷമായിരുന്നു പല വീഴ്ചകളും ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷത്തിൻ്റെ നിതാന്ത ജാഗ്രതയിലും നിരന്തര ഇടപെടലിലുമായിരുന്നു കേരളത്തിലെ SIR താരതമ്യേനെ ഭേദപ്പെട്ട രീതിയിൽ പൂർത്തീകരിച്ചത്.

അതിൻ്റെ ഗുണമാണ് നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. SIRന് മുമ്പ് സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വോട്ടർപട്ടിക വച്ചുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 60 ശതമാനത്തിലേറെ തദ്ദേശസ്ഥാപനങ്ങളിൽ ഭരണം പിടിച്ചത് യുഡിഎഫാണ് എന്നതും മറക്കരുത്.

അതായത് പത്ത് വർഷത്തെ ദുർഭരണത്തിൽ പൊറുതിമുട്ടിയ കേരള ജനതയാണ് പിണറായി വിജയനേയും പാർട്ടിയേയും 2021ന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ആവർത്തിച്ച് തോൽപ്പിച്ചു പോന്നത്. അതൊന്നും വേറെ ഏതെങ്കിലും കണക്കിൽ കൊണ്ടുവന്ന് കെട്ടാൻ ഒരു പാറ്റപ്പാർട്ടിയും വൃഥാശ്രമം നടത്തണ്ട. പിന്നെ 2024ൽ ഇന്ത്യയിൽ ബിജെപിയുടെ ഭൂരിപക്ഷം കുറച്ചതിൽ പിണറായി വിജയൻ്റെ പങ്കുമുണ്ടത്രേ! ആലത്തൂർ ലോകസഭ മണ്ഡലത്തിൽ മാത്രമാണ് പിണറായി വിജയൻ്റെ മുൻകൈയ്യിൽ പാർട്ടിക്ക് ഒരു എംപിയെ വിജയിപ്പിക്കാൻ കഴിഞ്ഞത് എന്നത് ഈ പാറ്റകൾക്ക് അറിയാത്തതാണോ?

കേരളത്തിന് പുറത്ത് എവിടെയും, സിപിഎം മത്സരിക്കുന്ന സീറ്റുകളിലടക്കം, പിണറായി വിജയൻ ഒരു പ്രചരണ പരിപാടിക്ക് പോലും പോയിട്ടില്ലെന്നത് അന്ന് തന്നെ ചർച്ചയായിരുന്നല്ലോ. കേരളത്തിലെ പോളിംഗിന് ശേഷം അന്നത്തെ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി നേരെ പോയത് വിദേശയാത്രക്കാണ്.

വിവിധ സംസ്ഥാനങ്ങളിൽ നടന്ന SIRലെ ഗുരുതരമായ തട്ടിപ്പുകൾക്കെതിരെ വസ്തുനിഷ്‌ഠമായ ആരോപണങ്ങളുയർത്തി രാഹുൽ ഗാന്ധിയും മുഖ്യധാരാ പ്രതിപക്ഷവും ‘വോട്ട് ചോരി' പോരാട്ടവുമായി മുന്നോട്ടു പോകുമ്പോൾ പുത്തൻകൂറ്റുകാരായ ഇത്തരം ഈയാംപാറ്റകളുടെ സെൽഫ് ഗോളുകൾ യഥാർത്ഥ വിഷയത്തെ ദുർബലപ്പെടുത്തുകയാണ്. പറയാതെ വയ്യ.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News