'കീമോയ്ക്കുള്ള മരുന്ന് കിട്ടുന്നില്ല, ദിവസം മുഴുവൻ കാത്തുനിർത്തിയ ശേഷം തിരിച്ചയക്കുന്നു'; കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗികൾ ദുരിതത്തിൽ

ദിവസവും നൂറിക്കണക്കിന് രോഗികളാണ് കീമോ ചെയ്യാനായി എത്തുന്നത്

Update: 2023-06-07 11:40 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: മെഡിക്കൽ കോളജ് കാൻസർ സെന്ററിൽ കാൻസർ രോഗികൾ ദുരിതത്തിൽ. സാങ്കേതിക പ്രശ്‌നങ്ങൾ മൂലം കീമോയ്ക്കുള്ള മരുന്ന് കിട്ടുന്നില്ലെന്ന് രോഗികള്‍ പരാതിപ്പെട്ടു.  കീമോ ചെയ്യേണ്ട രോഗികളെയടക്കം ഒരു ദിവസം മുഴുവൻ കാത്തിരുന്ന ശേഷവും തിരിച്ചയക്കുന്നുവെന്ന് ചികിത്സക്കെത്തിയവർ പറയുന്നു. മരുന്ന് ലഭ്യമാകാത്തതിന് ആരോഗ്യ ഇൻഷുറൻസിന്റെ നടപടികൾ വൈകുന്നതാണ് കാരണമെന്നാണ് മെഡിക്കൽ കോളജിന്റെ വിശദീകരണം.

ഇന്റർനെറ്റ് സംവിധാനത്തിലെ പ്രശ്‌നവും ഇതിന് കാരണമായി ആശുപത്രി അധികൃതർ പറയുന്നു. അതേസമയം, പുറത്ത് നിന്ന് മരുന്ന് വാങ്ങിവരികയാണെങ്കിൽ കീമോ ചെയ്തുതരാമെന്ന് പറഞ്ഞതായി രോഗികളുടെ കൂട്ടിരിപ്പുകാർ മീഡിയവണിനോട് പറഞ്ഞു. സാങ്കേതിക തകരാറുകൾ പറഞ്ഞ് ആദ്യമായല്ല കീമോ മുടങ്ങുന്നത്. നേരത്തെയും ഇതേ കാരണം പറഞ്ഞ് കീമോ മുടങ്ങിയിരുന്നെന്നും രോഗികൾ പറയുന്നു. ഉടൻ പരിഹരിക്കുമെന്ന് കരുതിയാണ് പലരും മടങ്ങിപ്പോയത്. എന്നാൽ വീണ്ടും അതേരീതി ആവർത്തിക്കുകയാണെന്നും രോഗികൾ പറയുന്നു.

Advertising
Advertising

ദിവസവും നൂറിക്കണക്കിന് രോഗികളാണ് കീമോ ചെയ്യാനായി എത്തുന്നത്. ടോക്കൻ കിട്ടി ഡോക്ടറെ കണ്ടുകഴിഞ്ഞാൽ പിന്നീടുള്ള കാര്യങ്ങൾക്ക് വലിയ കാലതാമസമാണ് വരുന്നതെന്നും രോഗികൾ പറയുന്നു. കീമോക്കെത്തുന്ന രോഗികൾ എപ്പോൾ വിളിക്കുമെന്നറിയാതെ ഭക്ഷണം പോലും കഴിക്കാതെയാണ് കാത്തിരിക്കുന്നതെന്നും രോഗികൾ പറയുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News