ചരക്കുകപ്പൽ തീപിടിത്തം; പരിക്കേറ്റവരെ മംഗളൂരുവിലേക്ക് കൊണ്ടുപോകും
ഐഎൻഎസ് സൂററ്റിലാണ് 18 പേരെയും മംഗളൂരുവിൽ ചികിത്സക്കെത്തിക്കുക
തിരുവനന്തപുരം: കേരള തീരത്തിനടുത്ത് ഉൾക്കടലിൽ ചരക്കു കപ്പൽ തീപിടിത്തത്തിൽ പരിക്കേറ്റവരെ ചികിത്സക്കായി മംഗളൂരുവിലേക്ക് കൊണ്ട് പോകും. ഐഎൻഎസ് സൂററ്റിലാണ് 18 പേരെയും ചികിത്സക്കായി കൊണ്ടുപോകുക. നേരത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിച്ചേക്കും എന്ന് വിവരങ്ങളുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 15 ആംബുലൻസുകൾ ബേപ്പൂരിൽ തയാറാക്കിയിരുന്നു. 22 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ നിന്നും 18 പേർ കടലിൽ ചാടി രക്ഷപ്പെടുകയായിരുന്നു. ഇവരെയാണ് ചികിത്സക്കായി കൊണ്ടുപോകുന്നത്. ഒരാളുടെ നില ഗുരുതരമാണ്. അതേസമയം നാലുപേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കപ്പലിലെ തീ അണക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. കൂടുതൽ കണ്ടെയ്‌നറുകൾ കത്തിയമർന്നു. നേവിയുടെയും കോസ്റ്റ് ഗാർഡിന്റേയും കപ്പലുകൾക്ക് അപകടത്തിൽപ്പെട്ട കപ്പലിന്റെ അടുത്തെത്താൻ സാധിക്കുന്നില്ല. കപ്പലും കണ്ടെയ്‌നറും ഒഴുകി നടക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത വാൻഹായ് 503 എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. പെട്ടന്ന് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതും സ്വയം തീപിടിക്കാൻ സാധ്യതയുള്ളതുമായ വസ്തുക്കൾ കപ്പലിലുണ്ട്. കപ്പലിൽ നിന്നും കണ്ടെയ്‌നറുകൾ കടലിൽ വീണിട്ടുണ്ട്. കേരള തീരത്ത് നിലവിൽ മുന്നറിയിപ്പുകളൊന്നുമില്ല.