മാസ്‌ക് ധരിച്ചില്ല; ജോജു ജോർജിനെതിരെ കേസ്

സംഭവ ദിവസം തന്നെ ജോജുവിനെതിരെ ജിഎൽ പെറ്റിക്കേസ് എടുത്തിരുന്നതായി മരട് പൊലീസ് പറഞ്ഞു. ജോജു സ്‌റ്റേഷനിൽ പിഴ അടച്ചില്ല. കോടതിയിലും പിഴ അടച്ചില്ലെങ്കിൽ മറ്റു നടപടികൾ ഉണ്ടാവുമെന്ന് പൊലീസ് പറഞ്ഞു.

Update: 2021-11-13 17:18 GMT
Editor : abs | By : Web Desk
Advertising

കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ പ്രതിഷേധവുമായി എത്തിയ ജോജു ജോർജ് മാസ്‌ക് ധരിക്കാതെ ആളുകളുമായി ഇടപഴകിയതിന് മരട് പൊലീസ് കേസെടുത്തു. പൊതു സ്ഥലത്ത് നടൻ മാസ്‌ക് ധരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് കേസെടുത്തത്. 

ഇന്ധന വില വർദ്ധനവിനെതിരായ കോൺഗ്രസിന്റെ ദേശീയ പാത ഉപരോധ സമരത്തിനിടെയായിരുന്നു വൈറ്റിലയിൽ പ്രതിഷേധവുമായി നടൻ ജോജു ജോർജ്ജ് എത്തിയത്. വഴി തടഞ്ഞുള്ള സമരത്തെ ചോദ്യം ചെയ്താണ് ജോജു വാഹനത്തിൽ നിന്ന് ഇറങ്ങിയത്. ഈ സമയത്ത് ജോജു ജോർജ്ജ് മാസ്‌ക് ധരിച്ചിരുന്നില്ല. ഇതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ കൊച്ചി ഡിസിപിയ്ക്ക് പരാതി നൽകിയിരുന്നു. ഡിസിപി ഈ പരാതി മരട് സി ഐയ്ക്ക് കൈമാറുകയായിരുന്നു. ദ്യശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പോലീസ് ജോജുവിനെതിരെ കേസെടുത്തത്.

സംഭവ ദിവസം തന്നെ ജോജുവിനെതിരെ ജിഎൽ പെറ്റിക്കേസ് എടുത്തിരുന്നതായി മരട് പൊലീസ് പറഞ്ഞു. ജോജു സ്‌റ്റേഷനിൽ പിഴ അടച്ചില്ല. കോടതിയിലും പിഴ അടച്ചില്ലെങ്കിൽ മറ്റു നടപടികൾ ഉണ്ടാവുമെന്ന് പൊലീസ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വൈറ്റിലയിൽ സമരത്തിൽ പങ്കെടുത്ത് കോൺഗ്രസ് നേതാക്കന്മാർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ജോജുവിന്റെ കാർ തല്ലിത്തകർത്ത കേസിൽ ഷാജഹാൻ കഴിഞ്ഞ ദിവസമാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്.

ജോജു ജോർജ്ജ് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി മഹിള കോൺഗ്രസ് പ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ജോജു ജോർജിനെതിരെ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News