ഐഷ സുൽത്താനക്കെതിരായ കേസ്: ബിജെപിക്കെതിരെ എതിര്‍പ്പുമായി സേവ് ലക്ഷദ്വീപ് ഫോറം

ബിജെപിയുടെ എതിർപ്പ് മറികടന്ന് ഐഷ സുൽത്താനക്ക് ഫോറം പിന്തുണ അറിയിച്ചു.

Update: 2021-06-12 04:15 GMT
By : Web Desk

സാമൂഹിക പ്രവർത്തകയും സംവിധായികയുമായ ഐഷ സുൽത്താനക്കെതിരായ കേസ് ഉൾപ്പെടെ ബിജെപി സ്വീകരിക്കുന്ന നടപടിയിൽ സേവ് ലക്ഷദ്വീപ് ഫോറത്തിന് എതിർപ്പ്. ബിജെപി യെ ഫോറത്തില്‍ നിന്ന് മാറ്റണമെന്ന് കവരത്തി പ്രാദേശിക കമ്മിറ്റി തീരുമാനിച്ചു. ബിജെപിയെ സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്നും മാറ്റുന്ന തീരുമാനം ദ്വീപ് കമ്മറ്റികൾക്ക് വിട്ടു.ബിജെപിയുടെ എതിർപ്പ് മറികടന്ന് ഐഷ സുൽത്താനക്ക് ഫോറം പിന്തുണ അറിയിച്ചു.

സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ കോര്‍ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതില്‍ ബിജെപി പ്രതിനിധികളടക്കം പങ്കെടുത്തിരുന്നു. എന്നാല്‍ ഐഷ സുല്‍ത്താനയ്ക്കെതിരായ ബിജെപി നിലപാടില്‍ സേവ് ലക്ഷദ്വീപ് ഫോറത്തിനുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കാരണം ഐഷ സുല്‍ത്താനയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത് ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍ ഹാജിയാണ്. അദ്ദേഹത്തിന്‍റെ നടപടി പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചിക്കാതെയാണെന്ന വിമര്‍ശനമുയര്‍ന്നു. ചെത്തിലാത്ത് ദ്വീപില്‍ നിന്ന് മാത്രം 12 ഓളം പേരാണ് ബിജെപിയില്‍ നിന്ന് ഇന്നലെ രാജി വെച്ചത്. ഈ ഒരു സംഭവം സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ യോഗത്തിലും വലിയ ചര്‍ച്ചയായി. ബിജെപി അംഗത്തിന്‍റെ വിയോജിപ്പോടുകൂടി ഐഷ സുല്‍ത്താനയ്ക്ക് കഴിഞ്ഞ ദിവസം സേവ് ലക്ഷദ്വീപ് ഫോറം പിന്തുണ പ്രഖ്യാപിച്ചു.

Advertising
Advertising

ചാനല്‍ ചര്‍ച്ചയില്‍ താനെന്താണ് ഉദ്ദേശിച്ചത് എന്ന് ഐഷ സുല്‍ത്താന പിന്നീട് വ്യക്തമാക്കിയ സ്ഥിതിക്ക് അവര്‍ക്കെതിരായ രാജ്യദ്രോഹക്കേസ് പിന്‍വലിക്കണമെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ആവശ്യപ്പെടുന്നത്. ഐഷ സുല്‍ത്താനയ്ക്ക് നിയമസഹായം ഉറപ്പുവരുത്തുമെന്നും അവര്‍ പറയുന്നു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാണ് ഈ യോഗത്തില്‍ സേവ് ലക്ഷദ്വീപ് ഫോറം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രഫുല്‍ പട്ടേലിനെ ഇപ്പോള്‍ തിരിച്ചുവിളിക്കേണ്ടതില്ല എന്ന നിലപാടാണ് ബിജെപി യോഗത്തില്‍ സ്വീകരിച്ചത്. ഈ നിലപാടിനെതിരെയും സേവ് ലക്ഷദ്വീപ് ഫോറത്തിനകത്ത് വലിയ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

Full View


ഐഷ സുൽത്താനക്കെതിരായ കേസിനെചൊല്ലി ലക്ഷദ്വീപ് ബിജെപിയില്‍ തന്നെ കലഹമാണ്. ഐഷ സുല്‍ത്താനയ്ക്കെതിരെ പരാതി നല്‍കിയതിയില്‍ പ്രതിഷേധിച്ച് ഐഷയുടെ ജന്മനാടായ ചെത്തിലാത്ത് ദ്വീപില്‍ നിന്ന് മാത്രം 12 പേരാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. സംസ്ഥാന സെക്രട്ടറി എം പി അബ്ദുല്‍ ഹമീദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. ആന്ത്രോത്ത് അഗത്തി ദ്വീപുകളില്‍ നിന്നുള്ള പ്രമുഖരും പാര്‍ട്ടി വിട്ടു. ബിത്ര ദ്വീപ് പ്രസിഡന്‍റ് ഇസ്ഹാഖ് ഹമീദ് പാര്‍ട്ടിയോടുള്ള വിയോജിപ്പ് പരസ്യമാക്കി. ചാനല്‍ ചര്‍ച്ചയില്‍ ഐഷ സുല്‍ത്താന നടത്തിയ പരാമര്‍ശത്തെ, അവസരമാക്കി ഉപയോഗപ്പെടുത്തണമെന്ന ബിജെപി നേതാക്കളും പ്രഭാരി അബ്ദുല്ലക്കുട്ടിയും തമ്മിലുള്ള ഓഡിയോ സന്ദേശം പുറത്തു വന്നതു മുതലാണ് പാര്‍ട്ടിക്കകത്ത് കലഹം തുടങ്ങിയത്.

ഇതിനിടെ ചുമത്തിയ കേസിന്‍റെ തുടർനടപടിയുടെ ഭാഗമായി ഈ മാസം 20 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് കവരത്തി കോടതി ഐഷക്ക് നോട്ടീസയച്ചു. ഐഷക്കെതിരായ കേസ് പിന്‍വലിക്കണണെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും കാമ്പയിൻ നടക്കുന്നുണ്ട്.

Full View


Tags:    

By - Web Desk

contributor

Similar News