പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

കുഞ്ഞുമുഹമ്മദിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പൊലീസ് നീക്കം

Update: 2025-12-15 07:55 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ ചലച്ചിത്ര പ്രവർത്തക നൽകിയ ലൈംഗികാതിക്രമ പരാതിയിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് പൊലീസ് കോടതിയിൽ. പരാതിക്കാരിയും കുഞ്ഞുമുഹമ്മദും ഒരേസമയം ഹോട്ടലിൽ ഉണ്ടായിരുന്നതിനുള്ള തെളിവുകൾ ലഭിച്ചു. സിസിടിവി ദൃശ്യങ്ങളും ഹോട്ടലിലെ രജിസ്റ്റർ വിവരങ്ങളും അന്വേഷണസംഘം പരിശോധിച്ചു.

ഇതെല്ലാം ആരോപണത്തെ സാധൂകരിക്കുന്നതാണെന്ന് പൊലീസ്  നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അതിനു മുന്നോടിയായി പരാതിക്കാരിയുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തും. വനിതാ ചലച്ചിത്ര പ്രവർത്തക നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്.

Advertising
Advertising

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനു വേണ്ടിയുള്ള കമ്മിറ്റിയിൽ പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്‌ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രി കന്റോൺമെന്റ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിനോടും ചലച്ചിത്ര പ്രവർത്തക പരാതി ആവർത്തിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News