വ്യാജരേഖ ചമച്ചുവെന്ന പരാതി; 24 ന്യൂസ്‌ ചാനൽ എംഡി ശ്രീകണ്ഠൻ നായർ അടക്കം ആറ് പേർക്കെതിരെ കേസ്

റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ ആഗസ്റ്റിൻ നൽകിയ പരാതിയിലാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്

Update: 2025-12-05 11:26 GMT

കൊച്ചി: കൈക്കൂലി നല്‍കി ബാർക് റേറ്റിംഗ് തട്ടിപ്പ് നടത്തുന്നുവെന്ന് സ്ഥാപിക്കാന്‍ റിപ്പോർട്ടർ ടിവിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന പരാതിയിൽ 24ന്യൂസ്‌ ചാനൽ എംഡി ശ്രീകണ്ഠൻ നായർ അടക്കം ആറു പേർക്കെതിരെ കേസ്.

റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ ആഗസ്റ്റിൻ നൽകിയ പരാതിയിലാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ആന്‍റോ അഗസ്റ്റിന്റെ ഫോൺ ഹാക്ക് ചെയ്തു, കൃത്രിമ വാട്സ്ആപ്പ് ചാറ്റുകൾ ഉണ്ടാക്കി വ്യാജവാർത്ത നൽകി തുടങ്ങിയവയാണ് ആരോപണങ്ങള്‍. വ്യാജവാർത്ത പ്രചരിപ്പിച്ച് നൂറുകോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും പരാതിയിൽ ഉണ്ട്.

24 ന്യൂസ് ചാനൽ ചെയർമാൻ ആലുങ്കൽ മുഹമ്മദ്, എക്സിക്യൂട്ടീവ് എഡിറ്റർ ഗോപികൃഷ്ണൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ ദിലീപ് കുമാർ, സിഇഒ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ശ്രീരാജ് എന്നിവരും കേസിലെ പ്രതികളാണ്.

Advertising
Advertising

നേരത്തെ ബാർക്കിൽ ചാനൽ റേറ്റിങ് ഉയർത്തിക്കാട്ടാൻ തിരിമറി നടത്തി തട്ടിപ്പ് നടത്തിയ കേസിൽ റിപ്പോർട്ടർ ചാനൽ ഉടമക്കെതിരെ കേസെടുത്തിരുന്നു. ബാർക് സീനിയർ മാനേജർ പ്രേംനാഥിനെതിരെയും കേസെടുത്തു. 24 ന്യൂസ് ചാനലിലെ സീനിയർ ന്യൂസ് ഹെഡ് ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിലാണ് കളമ​​ശ്ശേരി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4), 336(3), 340 (2), 3(5) വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ഒന്നാം പ്രതിയായ ബാർക് സീനിയർ മാനേജർ പ്രേംനാഥ് റേറ്റിംഗ് ഡാറ്റയിൽ തിരിമറി നടത്തുകയും രണ്ടാം പ്രതിയായ റിപ്പോർട്ടർ ചാനൽ ഉടമക്ക് ബാർക് മീറ്റർ സംബന്ധിച്ച രഹസ്യ വിവരങ്ങൾ കൈമാറുകയും ചെയ്തു. 2025 ജൂലൈ മുതൽ പരാതിക്കാരന്റെ റേറ്റിംഗ് കുറച്ചു കാണിച്ചും രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ചാനൽ ഉടമയുടെ റേറ്റിംഗ് ഉയർത്തി കാണിച്ചും പരസ്യ കമ്പനികളിൽ നിന്നുള്ള പരസ്യങ്ങൾ ലഭിക്കാതിരിക്കാൻ ഇടയാക്കിയെന്നും ഇത് മൂലം പരാതിക്കാരന്റെ ചാനലിന് 15 കോടിയുടെ നഷ്ടമുണ്ടായതായി മൊഴി.

കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റും 24 ന്യൂസ് ചാനൽ എംഡിയുമായ ശ്രീകണ്ഠൻ നായർ ബാർക് റേറ്റിംഗിൽ സംഘടിതമായി തട്ടിപ്പ് നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു. ഇതിനായി ക്രിപ്റ്റോ കറൻസി വഴി വലിയ തോതിൽ കള്ളപ്പണം ഒഴുക്കിയതായും അദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പു​റമെയാണ് 24 ചാനലിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ശ്രീകണ്ഠൻ നായർ നൽകിയ പരാതിയിൽ റേറ്റിങ്ങിൽ കൃത്രിമത്വം നടത്താൻ ബാർക് ഉദ്യോഗസ്ഥൻ 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും കേബിൾ ചാനൽ ഉടമകളെ സ്വാധീനിച്ചും വൻ തുക നൽകിയും ലാൻഡിങ് പേജ് കരസ്ഥമാക്കുന്നതിനെതിരെയും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News