മോന്‍സന്‍ കേസില്‍ സിബിഐ അന്വേഷണം വേണം; ആവശ്യത്തിലുറച്ച് വിഎം സുധീരൻ

സമൂഹത്തിലെ ഉന്നതരുമായി മോൻസന് ബന്ധമുണ്ടെന്നു സുധീരൻ കത്തിൽ പറയുന്നു

Update: 2021-10-04 02:54 GMT
Editor : Nisri MK | By : Web Desk
Advertising

പുരാവസ്തു തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ആവശ്യം ഉന്നയിച്ചു സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. സമൂഹത്തിലെ ഉന്നതരുമായി മോൻസന് ബന്ധമുണ്ടെന്നു സുധീരൻ കത്തിൽ പറയുന്നു.

സംസ്ഥാന പോലീസ് തലപ്പത്തുള്ളവരുള്‍പ്പെടെ ഉന്നത ഓഫീസര്‍മാരുമായി വഴിവിട്ട ഇടപാടുകളാണ് മോന്‍സനുള്ളത്. അതിനാല്‍  കേസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മോന്‍സനെതിരായ പ്രഥമവിവരറിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഒളിപ്പിച്ചതായി മാധ്യമറിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്നും, അതിനാല്‍ വിശ്വാസ്യതയില്ലാത്ത ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടു പോകാതെ കേസിൽ സിബിഐ അന്വേഷണം വേണമെന്നും സുധീരന്‍ കത്തിൽ ആവശ്യപ്പെടുന്നു.

Full View

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ അടക്കം ആരോപണമുയർന്ന പശ്ചാത്തലത്തിലും സുധീരൻ, ബെന്നി ബെഹ്നാൻ അടക്കമുള്ള നേതാക്കൾ കേസിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.

കത്തിന്‍റെ പൂര്‍ണരൂപം :

പ്രിയപ്പെട്ട മുഖ്യമന്ത്രി,

വന്‍ തട്ടിപ്പ് വീരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സി.ബി.ഐ. അന്വേഷണം അനിവാര്യമാണ്.

സമൂഹത്തില്‍ പലതലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോന്‍സണ്‍ തികച്ചും അസാധാരണനായ കുറ്റവാളിയാണ്.

സംസ്ഥാന പോലീസിലെ തലപ്പത്തുള്ളവരുള്‍പ്പടെ ഉന്നത ഓഫീസര്‍മാരുമായി വഴിവിട്ട ഇടപാടുകളാണ് മോന്‍സണുള്ളതെന്ന് വ്യക്തമാണ്.

തന്നെയുമല്ല മോന്‍സണെതിരായ പ്രഥമവിവരറിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഒളിപ്പിച്ചതായി മാധ്യമറിപ്പോര്‍ട്ട് വന്നിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആര്‍ പൊതുരേഖയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ടാണിത്. ഈ കേസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

മോന്‍സണ്‍ സംസ്ഥാനത്തിന് പുറത്ത് നടത്തിയ തട്ടിപ്പുകളും നിയമവിരുദ്ധ ഇടപാടുകളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡി.ജി.പി. തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഉന്നതരുള്‍പ്പടെ പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നിയമത്തിനു നിരക്കാത്ത ബന്ധങ്ങള്‍ മോന്‍സണ്‍ നിര്‍ബാധം തുടര്‍ന്നിട്ടും അതൊന്നും സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയാതെ പോയത് ഗുരുതരമായ വീഴ്ചയാണ്; പരാജയവുമാണ്. ഇനി അറിഞ്ഞിട്ടും അതൊന്നും ഭാവിക്കാതെ മുന്നോട്ടുപോയതാണെങ്കില്‍ ആഭ്യന്തരവകുപ്പ് തന്നെ പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണുള്ളത്.

അതിനാല്‍ വിശ്വാസ്യതയില്ലാത്ത ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടു പോകുന്നത് ഉചിതമല്ല. മോന്‍സണ്‍ ചെയ്ത സര്‍വ്വ കുറ്റകൃത്യങ്ങളും സി.ബി.ഐ. തന്നെ അന്വേഷിക്കണം. അതിനു വേണ്ട നടപടികളെല്ലാം അടിയന്തരമായി സ്വീകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം

വി.എം.സുധീരന്‍

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News