കേന്ദ്ര ബജറ്റ് പ്രവാസികളെ അപമാനിച്ചു: പി ശ്രീരാമകൃഷ്ണൻ

കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്ക് വലിയ ആഘാതമാണ് ബജറ്റ് സൃഷ്ടിച്ചിരിക്കുന്നതെന്ന് നോർക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ

Update: 2022-02-02 10:36 GMT
By : Web Desk
Advertising

കോവിഡ് ഏൽപ്പിച്ച കെടുതികളിൽ നിന്നും കരകയറുന്നതിന് വലിയ സഹായം പ്രതീക്ഷിച്ചിരുന്ന പ്രവാസികളെ കുറിച്ച് ഒരു വാക്കുപോലും മിണ്ടാതെ കേന്ദ്രബജറ്റ് അവരെ ക്രൂരമായി അപമാനിച്ചിരിക്കുകയാണെന്ന് നോർക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ പേരിൽ ഏറ്റവുമധികം ലോകയാത്ര ചെയ്ത പ്രധാനമന്ത്രിയുടെ യഥാർത്ഥ മുഖമാണ് ബജറ്റ് തുറന്ന് കാട്ടിയിരിക്കുന്നത്. ആഗോള തൊഴിൽ വിപണി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഒരു കച്ചിതുരുമ്പെങ്കിലും പ്രവാസികൾക്ക് നൽകാൻ സാധിക്കാത്ത കേന്ദ്ര നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ക്ഷേമ നടപടികൾ ഉണ്ടായില്ലെന്ന് മാത്രമല്ല, പ്രവാസിദ്രോഹനടപടികൾ തുടരുകയും ചെയ്തുവെന്നത് അപലപനീയമാണ്. നാട്ടിൽ 120 ദിവസത്തിൽ കൂടുതൽ തങ്ങുന്നവരുടെ എൻആർഐ സ്റ്റാറ്റസ് നഷ്ടപ്പെടുത്തുമെന്ന 2020 ബജറ്റിലെ നിർദ്ദേശം ഈ ബജറ്റിൽ പൂർണമായി ഒഴിവാക്കുമെന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. എന്നാൽ അതുപോലും ഉണ്ടായിട്ടില്ല. കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്ക് വലിയ ആഘാതമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.

തൊഴിൽ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തെക്കുറിച്ച് ബജറ്റ് പൂർണമായി മൗനം പാലിച്ചിരിക്കുന്നു. വിവിധ ലോകരാജ്യങ്ങളിൽ നിന്നും പ്രവാസി സമൂഹം ആർജിച്ച വലിയ അനുഭവസമ്പത്ത് നാടിന്‍റെ വികസനത്തിന് പ്രയോജനപ്പെടുത്തുവാൻ ഉള്ള അവസരം കൂടിയാണ് കേന്ദ്രസർക്കാർ നഷ്ടപ്പെടുത്തിയിരിക്കുന്നത്. പ്രവർത്തനങ്ങൾക്ക് പകരം വാചകക്കസർത്തിൽ വിശ്വസിക്കുന്ന കേന്ദ്ര സമീപനം ഒരിക്കൽ കൂടി ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുവാൻ മാത്രമാണ് കേന്ദ്രബജറ്റ് പ്രയോജനപ്പെട്ടത്. തങ്ങളുടെ ഇഷ്ടത്തോഴന്മാരായ കുത്തകകളെ എന്ത് വിലകൊടുത്തും സംരക്ഷിക്കുന്നതിനുള്ള നെട്ടോട്ടത്തിനിടയിൽ രാജ്യത്തിന്‍റെ നട്ടെല്ലായ ജനവിഭാഗങ്ങൾ പൂർണമായി വിസ്‍മൃതിയിൽ ആയിരിക്കുന്നുവെന്നും പി. ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.

Tags:    

By - Web Desk

contributor

Similar News