Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: ആശമാർക്ക് കേന്ദ്രം കൊടുക്കേണ്ടതെല്ലാം കൊടുത്തെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാനസർക്കാരാണെന്നും അത് ഹാജരാക്കിയില്ലെങ്കിൽ അടുത്ത ഗഡു നൽകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ആശാ സമരത്തിൽ കേന്ദ്രസർക്കാറിന്റെ സർജിക്കൽ സ്ട്രൈക്ക് പ്രതീക്ഷിക്കാമെന്നും ആരാണ് കള്ളം പറയുന്നതെന്ന് മാധ്യമങ്ങൾ കണ്ടുപിടിക്കണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
'എന്താണോ നിയമപ്രകാരം കൊടുക്കേണ്ടത് അത് കേന്ദ്ര സര്‍ക്കാര്‍ കൊടുത്തുകഴിഞ്ഞു. ഇനിയും കൊടത്തില്ല എന്നു പറയുന്നുണ്ടെങ്കില്‍ അതിന് യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കണം. കുറവുണ്ടെങ്കില്‍ നോക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. ഇന്ത്യന്‍ പാര്‍ലമെന്റിലാണ് കേന്ദ്രമന്ത്രി പറഞ്ഞത്. അവിടെ നുണ പറയാന്‍ പറ്റില്ല. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ അതാണ് മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത്. പാര്‍ലിമെന്റില്‍ ഓണ്‍ റെക്കോര്‍ഡ് ആയാണ് മന്ത്രി പറഞ്ഞത്'- സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്തിന് ഒന്നും കിട്ടിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത് ഭാഷാ മനസിലാകാത്തതിനാലാകാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.