ചങ്ങനാശേരിയിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: മരണകാരണം ക്രൂരമർദനം

സംഭവത്തിൽ മുഖ്യപ്രതി മുത്തുകുമാറിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു

Update: 2022-10-02 09:08 GMT

കോട്ടയം: ചങ്ങനാശേരിയിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ മരണകാരണമായത് ക്രൂരമർദനമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആലപ്പുഴ സ്വദേശിയായ ബിന്ദുമോനാണ് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ടത്.

മർദനമേറ്റതിന്റെ നിരവധി പാടുകൾ ബിന്ദുമോന്റെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. മർദനത്തിൽ വാരിയെല്ലുകൾ തകർന്നതായാണ് റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിലാണ് കണ്ടെത്തൽ.

സംഭവത്തിൽ മുഖ്യപ്രതി മുത്തുകുമാറിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ കലവൂരിൽ നിന്നാണ് മുത്തുകുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറി.കേസിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

Advertising
Advertising

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ബിന്ദുമോനെ കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. കോട്ടയം പുതുപ്പള്ളി സ്വദേശികളായ രണ്ട് പേരെക്കൂടി പിടികൂടാനുള്ളത്. ഇവർ കേരളം വിട്ടതായാണ് സൂചന

കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിൽനിന്ന് കാണാതായ ബിന്ദുമോനെ കൊലപ്പെടുത്തിയ ശേഷം ചങ്ങനാശ്ശേരിയിൽ വീടിന്റെ തറയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തതായി കണ്ടെത്തിയത്. തറ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ബിന്ദുവിന്റെ ബന്ധു താമസിക്കുന്ന പൂവത്തെ വാടകവീട്ടിലെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം തറക്കുള്ളിൽ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 26നാണ് ബിന്ദുമോനെ കാണാതായത്. യുവാവിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി 28ന് ബന്ധുക്കൾ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണവീട്ടിൽ പോയതായിരുന്നുവെന്നാണ് ബന്ധുക്കൾ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ലയിൽ വച്ച് മൊബൈൽ പരിധിക്കു പുറത്തായതായി കണ്ടെത്തിയത്. ചങ്ങനാശ്ശേരി എ.സി കോളനിക്കു സമീപമാണ് മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചത്. ഇതോടെയാണ് ബിന്ദുവിന്റെ ബന്ധു മുത്തുകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

എ.സി കോളനിയിൽ മുത്തുകുമാറിന്റെ വീട്ടിൽ പുതുതായി കോൺക്രീറ്റ് ചെയ്തതായി കണ്ടെത്തി. തുടർന്നാണ് സംശയം തോന്നി പൊലീസ് സംഘം ഇന്ന് ഇവിടെയെത്തിയത്. വീടിനു പിന്നിലുള്ള തറയിൽ കോൺക്രീറ്റ് ചെയ്ത് ഒളിപ്പിച്ച മൃതദേഹം പൊലീസ് പുറത്തെടുക്കുകയായിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News