ചേരാനല്ലൂര്‍ അപകടം; പ്രതിയായ 17കാരൻ സ്ഥിരം കുറ്റവാളി, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ, ഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത് മാധ്യമശ്രദ്ധ വന്നതിന് ശേഷം മാത്രമാണെന്നും ഇത് സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്നും പ്രോസിക്യൂഷൻ കോടതിയിൽ

Update: 2026-10-28 11:31 GMT

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ 17കാരന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍റേയും മരിച്ച ജയബാലകൃഷണന്‍റെ കുടുംബത്തിന്‍റേയും ഹരജികൾ പരിഗണിക്കുന്നത് മാറ്റി. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. എറണാകുളത്തെ സ്ത്രീകളുടേയും കുട്ടികളുടേയും പ്രത്യേക കോടതിയുടേതാണ് ഹരജികൾ പരിഗണിക്കുന്നത്. ചേരാനല്ലൂരിൽ 56കാരന്‍റെ ജീവനെടുത്ത അപകടത്തിൽ വാഹനം ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നൽകിയിരുന്നു. മനപ്പൂർവമുള്ള നരഹത്യാ വകുപ്പ് കൂടി ചുമത്തി കസ്റ്റഡിയിലെടുത്ത ശേഷമായിരുന്നു നടപടി. ഇതിനെതിരെ ജയബാലകൃഷ്ണന്‍റെ കുടുംബവും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

Advertising
Advertising

സംഭവത്തിൽ മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് പ്രതിക്ക് ജാമ്യം നൽകിയത് അന്വേഷണം ദുർഘടമാക്കിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഡ്രൈവിങ് പഠിക്കാൻ അനുമതിയില്ലാത്ത 17കാരൻ എങ്ങനെയാണ് 102 കിലോമീറ്റർ വേഗതയിൽ കാറോടിച്ചതെന്നും പ്രോസിക്യൂഷൻ ചോദിച്ചു. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത് മാധ്യമശ്രദ്ധ വന്നതിന് ശേഷം മാത്രമാണെന്നും ഇത് സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചോദിക്കുകയുണ്ടായി.

പ്രതി സ്ഥിരമായി സമാനമായ കുറ്റകൃത്യങ്ങളിലേർപ്പെടുന്നയാളാണെന്നാണ് അന്വേഷണത്തിൽ അറിയാനായത്, ഇതുവരെ അന്വേഷണങ്ങളൊന്നും ഉണ്ടായില്ലെന്ന് മാത്രം. ഇത്തരം കുറ്റകൃത്യങ്ങളുടെ നിരവധി ദൃശ്യങ്ങൾ പ്രതിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലുണ്ട്. കുറ്റകൃത്യത്തെ കുറിച്ച് അറിയാമായിരുന്നിട്ടും ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നെന്നും പ്രോസിക്യൂഷൻ വാദിച്ചു. സംഭവത്തിൽ പ്രതിയുടെ കുടുംബത്തിന് കോടതി നോട്ടീസ് അയച്ചു. 

കേസിലെ വീഴ്ചയില്‍ എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാംകുമാര്‍, ഗ്രേഡ് എസ്‌ഐ മനോജ്, സിപിഒ അരുണ്‍ ജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവത്തില്‍ പൊലീസിന് പ്രാഥമിക ഘട്ടത്തില്‍ വീഴ്ച സംഭവിച്ചതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം എഡിജിപി പി.വിജയന്റെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. അപകടത്തിന് ശേഷം പ്രതിയുടെ ദൃശ്യങ്ങള്‍ ഒഴിവാക്കാനും മറ്റും പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടി. 

ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചേരാനല്ലൂര്‍ മാനാപ്പൂറം അമ്പലത്തിന് സമീപത്താണ് കേസിനാസ്പദമായ സംഭവം. അമിത വേഗതയിലെത്തിയ കാര്‍ മാഞ്ഞാലി സ്വദേശിയായ തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ള ബെന്‍സ് കാറാണ് അപകടത്തില്‍ പെട്ടത്. തുടര്‍ന്നുണ്ടായ പൊലീസ് നടപടികളിലെ വീഴ്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെയും സമ്മതിച്ചിരുന്നു. തുടക്കത്തില്‍ പൊലീസ് സ്വീകരിച്ച നിലപാട് ശരിയായില്ലെന്നും നരഹത്യാക്കുറ്റം ചുമത്താതിരുന്നത് വീഴ്ചയാണെന്നും പൊലീസ് നടപടികളില്‍ ആശ്ചര്യം തോന്നിയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. 

അതേസമയം, പ്രതിയായ ജഡ്ജിക്കെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വ്യക്തമാക്കി. പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി മതിയെന്നാണ് തീരുമാനം. ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News