മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും

Update: 2025-03-27 03:30 GMT
Editor : Lissy P | By : Web Desk

വയനാട് :മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. വൈകുന്നേരം നാലുമണിയോടെ കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് പരിപാടി.  പ്രിയങ്കാ ഗാന്ധി എംപി,റവന്യൂ മന്ത്രി കെ.രാജൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ , പി.കെ കുഞ്ഞാലിക്കുട്ടി, വിവിധ മന്ത്രിമാർ ജില്ലയിൽ നിന്നുള്ള എംഎൽഎമാർ, മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവരെല്ലാം ചടങ്ങിന്റെ ഭാഗമാകും.

7 സെന്റിൽ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീടുകൾ ഒരുങ്ങുക. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങി വിപുലമായ സംവിധാനങ്ങളോടെയാണ് ടൗൺഷിപ്പ് വിഭാവനം ചെയ്യുന്നത്. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നതാണ് വ്യവസ്ഥ. വീടിനായി 175 പേരാണ് നിലവിൽ സമ്മതപത്രം കൈമാറിയിട്ടുള്ളത്. 67 പേർ വീടിന് പകരം നൽകുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും തെരഞ്ഞെടുത്തു. ഇതോടെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലെ മുഴുവൻ പേരും സമ്മതപത്രം നൽകി കഴിഞ്ഞു. ഉരുൾ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സർക്കാർ ടൗൺഷിപ്പിന് തറക്കല്ലിടുന്നത്.

Advertising
Advertising

അതേസമയം, മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 549 കോടി രൂപ മതിപ്പുവിലയുള്ള ഭൂമി 26 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുന്നതെന്ന് ഹരജിയിൽ ആരോപിക്കുന്നു. വിപണി വിലയുടെ 5ശതമാനം മാത്രമാണ് സർക്കാർ കണക്കാക്കിയിട്ടുള്ളതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റിസ് ടി.ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. പുനരധിവാസ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നേരത്തെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹരജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ഭൂമി ഏറ്റെടുത്ത് പുനരധിവാസ പ്രവർത്തനങ്ങളുമായി സർക്കാറിന് മുന്നോട്ട് പോകാം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരെ നൽകിയ അപ്പീലിലും സർക്കാരിന് അനുകൂലമായി ഡിവിഷൻ ബെഞ്ച് തീരുമാനമെടുത്തിരുന്നു. നഷ്ടപരിഹാരത്തുക 26 കോടി രൂപ കെട്ടിവെക്കാനും നിർദേശം നൽകി. ഇതിനെതിരെയാണ് എൽസ്റ്റൺ എസ്റ്റേറ്റ് പുതിയ ഹരജി നൽകിയിരിക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News