'റോഡരികിൽ ചെറിയൊരു ആൾക്കൂട്ടം; ചെന്നുനോക്കുമ്പോള്‍ ബൈക്കിലിരുന്ന് ഒരാൾ തൂങ്ങിയാടുന്നു'

''സന്ധ്യ കഴിഞ്ഞ്, രണ്ടും കൽപ്പിച്ച് ഞാൻ അയാളുടെ നമ്പറിൽ വിളിച്ചു. കൃഷ്ണകുമാറിന്റെ ബന്ധുവാണോന്ന് ചോദിച്ചപ്പോൾ, കൃഷ്ണകുമാർ തന്നെയാണ് സംസാരിക്കുന്നതെന്ന് അയാൾ പറഞ്ഞു. ചെറിയ ഒരു ആശ്വാസം തോന്നി. ബോധമില്ലാതെ കിടന്ന ആളാണ്.''

Update: 2023-09-30 07:37 GMT
Editor : Shaheer | By : Web Desk

ഹാജിറ

കോഴിക്കോട്: വഴിയരികിൾ അവശനിലയിൽ കണ്ടെത്തിയയാളെ ആശുപത്രിയിലെത്തിച്ച് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന അനുഭവം വിവരിച്ച് പൊലീസ് ഉദ്യോഗസ്ഥ. ഫറോക്ക് കല്ലംപാറയിലാണ് ആൾക്കൂട്ടം മദ്യപാനിയാണെന്ന സംശയത്തിൽ നിർത്തിയയാളെ സിവിൽ പൊലീസ് ഓഫിസറായ ഹാജിറ പൊയിലി അവസരോചിതമായ ഇടപെടലിലൂടെ ആശുപത്രിയിലെത്തിച്ചത്. സ്‌ട്രോക്കിന്റെ ലക്ഷണങ്ങളുള്ള കൃഷ്ണകുമാർ എന്ന സ്‌കൂൾ ബസ് ഡ്രൈവർക്കു മുന്നിലാണ് പൊലീസുകാരി 'മാലാഖയുടെ വേഷത്തിലെ'ത്തിയത്.

നെഞ്ചുവേദനയെ തുടർന്ന് വണ്ടി റോഡരികിൽ നിർത്തിയിട്ടതായിരുന്നു. അതിനുശേഷമുണ്ടായതൊന്നും ഓർമയിലില്ലെന്നാണ് കൃഷ്ണകുമാർ പിന്നീട് വെളിപ്പെടുത്തിയത്. ബൈക്കിലിരുന്ന് ആടിക്കുഴയുന്നതുകണ്ട് ചുറ്റുംകൂടിയ ആൾക്കൂട്ടം മദ്യപാനിയാണെന്ന സംശയിച്ച് പൊലീസിനെ വിളിക്കാനിരിക്കുകയായിരുന്നു. ഈ സമയത്താണ് ഇതുവഴി വന്ന ഹാജിറ കാര്യം തിരക്കുന്നത്. മദ്യത്തിന്റെ മണമൊന്നും കിട്ടിയില്ല. ഉടൻ തന്നെ ഒരു ഓട്ടോ വിളിച്ച് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെവച്ചാണ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങളുണ്ടെന്നു കണ്ടെത്തിയത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു ചികിത്സ നൽകുകയായിരുന്നുവെന്നും ഹാജിറ ഫേസ്ബുക്കിൽ വെളിപ്പെടുത്തി.

Advertising
Advertising

പലതരം അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവര്‍ വഴിയരികിൽ ഒന്നു വീണുകിടന്നാൽ, മദ്യത്തിന്റെ പുറത്താണെന്നും പറഞ്ഞ് ചാപ്പകുത്താതെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കാൻ സന്മനസ്സ് കാണിക്കണമെന്ന് ഹാജിറ ആവശ്യപ്പെട്ടു. ഡോക്ടർ പരിശോധിക്കുമ്പോൾ മദ്യമാണോ കഞ്ചാവാണോ രോഗമാണോ എന്നെല്ലാം അറിയാമല്ലോ.. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്ന് പ്രതിജ്ഞയെടുത്തിട്ടാണ് അഭിമാനത്തോടെ കാക്കിയണിഞ്ഞതെന്നും ആയുസും ആരോഗ്യവുമുള്ള കാലംവരെ ഇതു തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹാജിറയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, ആദ്യാനുഭവമായതുകൊണ്ട് പറയാതിരിക്കാനും വയ്യ. ഇക്കഴിഞ്ഞ സെപ്റ്റംബർ 24-ാം തിയ്യതി ഞായറാഴ്ച ഡ്യൂട്ടിയിലായിരുന്നു. ഉച്ചയൂണിന് രണ്ടര മണി കഴിഞ്ഞാണ് ഇറങ്ങിയത്. കല്ലംപാറയിൽ ഉമ്മയുടെ അടുത്തു പോയി. ഊണു കഴിഞ്ഞ് മൂന്നു മണിയോടെ രാമനാട്ടുകര വഴി പോകേണ്ട അത്യാവശ്യത്തിന് വീട്ടീന്ന് ഇറങ്ങി. കല്ലംപാറ-രാമനാട്ടുകര റോഡിലൂടെ കുറച്ചുദൂരം ചെന്നപ്പോൾ റോഡരികിൽ ചെറിയ ഒരു ആൾക്കൂട്ടം കണ്ടു. ടൂ വീലർ സൈഡാക്കി നിർത്തി ഞാനും ചെന്നുനോക്കി. ഹീറോ ഹോണ്ടയുടെ മോട്ടോർ സൈക്കിളിൽ ഇരുന്ന് ഒരാൾ ആടിയാടി, മോട്ടോർ സൈക്കിളിന്റെ ടാങ്കിന് മുകളിലേക്ക് മുഖം കുനിഞ്ഞ് പോയിക്കൊണ്ടിരിക്കുന്നു. കൂട്ടംകൂടി നിന്നവർ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നു. ഒരുകൂട്ടർ ഫറോക്ക് സ്റ്റേഷനിലേക്ക് വിളിക്കുന്നു. പി.ആർ.ഒയെ വിളിക്കുന്നു. നിരന്തരം വിളി തുടരുകയാണ്. ഇയാൾ നല്ല പൂസാണ്... തണ്ണിയടിച്ചിട്ട് വണ്ടി ഓടിക്കാൻ വയ്യാതെ ഇരിക്കുകയാണ്. തൊട്ടടുത്തുനിന്ന് വിളിച്ചുനോക്കി. യാതൊരു പ്രതികരണവുമില്ല. ഫറോക്ക് സ്റ്റേഷന്റെ വണ്ടി വന്നാൽ അയാളെ ഏൽപിക്കണം. ഇങ്ങനെ പൂസായി വണ്ടിയോടിച്ചതിന് കേസെടുക്കണം. കഴിയുമെങ്കിൽ ഇന്നു രാത്രി തന്നെ കോടതി അയാളെ തൂക്കിക്കൊല്ലാൻ വിധിക്കണം.

അവിടെ കൂടിയവരുടെ ആവശ്യം അതു മാത്രമായിരുന്നെന്ന് അഭിപ്രായപ്രകടനത്തിൽനിന്ന് എനിക്ക് മനസ്സിലായി. എനിക്ക് എന്തോ പന്തികേട് തോന്നി. മദ്യത്തിന്റെ മണമൊന്നും അടുത്തുനിന്നപ്പോ കിട്ടിയില്ല. അവിടെ കൂടിനിന്നവരോട് ഞാൻ, ഒരു ഓട്ടോറിക്ഷ വിളിച്ചുതരാൻ അഭ്യർത്ഥിച്ചു. വലിയ ആവേശമൊന്നും കണ്ടില്ല. ഭാഗ്യത്തിന് കല്ലംപാറ ഭാഗത്തുനിന്ന് ഒരു ഓട്ടോ വന്നു. ഓടിച്ചെന്ന് ഓട്ടോക്കാരനോട്, അവശനായ ഇയാളെ ശിഫാ ഹോസ്പിറ്റലിൽ എത്തിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. കൂടിനിന്നവരോട് തെല്ലുച്ചത്തിൽ ഇയാളെ ഒന്ന് ഓട്ടോയിൽ കയറ്റാൻ സഹായിക്കണമെന്നും, ഞാൻ കൂടെപൊയ്‌ക്കൊള്ളാമെന്നും പറഞ്ഞു. ഭാഗ്യം! എല്ലാവരും കൂടി അയാളെ താങ്ങിപ്പിടിച്ച് ഓട്ടോയിൽ കയറ്റിത്തന്നു.

അയാളുടെ ഫോണും പേഴ്‌സും ആരോ എന്നെ ഏൽപിച്ചു. ഒന്നുരണ്ടുപേർ വന്ന്, അവർക്കു പോയിട്ട് അത്യാവശ്യ കാര്യങ്ങളുണ്ട്, കൂടെവരാൻ പ്രയാസം പറഞ്ഞ് തിരിച്ചുപോയി.. ഓട്ടോയുടെ പിന്നാലെ ഞാനും ആശുപത്രിയിലേക്ക് വിട്ടു. കാഷ്വാലിറ്റിയിൽ ചെന്ന് നഴ്‌സുമാരെ വിവരം ധരിപ്പിച്ചു. അവരെല്ലാം ഓടിപ്പാഞ്ഞ് നടന്ന് അയാൾക്ക് പ്രഥമ ശുശ്രൂഷ നൽകാനുള്ള തത്രപ്പാടിലായി. ബെഡ്ഡിൽ കിടന്ന് അയാൾ വലിയ ശബ്ദത്തോടെ ഛർദിക്കുന്നു. നഴ്‌സുമാർ പാത്രം പിടിച്ചുകൊടുക്കുന്നു. മദ്യപിച്ചതൊന്നുമല്ല. 'സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ കാണുന്നു', കൂട്ടത്തിലുള്ള ഒരു നഴ്‌സ് പറയുന്നതു കേട്ടു. ഞാൻ വേഗം ഫറോക്ക് സ്റ്റേഷനിലേക്ക് വിളിച്ചു. അധികം വൈകാതെ സൈഫുല്ല സാറും രണ്ടു പൊലീസുകാരും ആശുപത്രിയിലെത്തി.

പിന്നെ ഞങ്ങളെല്ലാവരും കൂടി അയാളുടെ ഫോണിൽനിന്ന് പല നമ്പറുകളിലേക്കും വിളിച്ചു. ഭാഗ്യത്തിന് ഒന്നുരണ്ടുപേരെ കിട്ടി. അപ്പോഴാണ്, മുക്കത്തക്കടവ് തിരുത്തിയിലെ സ്‌കൂൾ ബസിലെ ഡ്രൈവറാണ് അയാളെന്ന് മനസ്സിലായത്. ആരോഗ്യ ഇൻഷുറൻസ് കാർഡ് പേഴ്‌സിൽ ഉണ്ടായിരുന്നു. കൃഷ്ണകുമാർ എന്നാണ് പേര്. ഒരു ഫോൺ നമ്പറും കണ്ടു. അത് ഡയൽ ചെയ്തുനോക്കി. ശരിയാണ്. ഏതായാലും അധികം വൈകാതെ അയാളുടെ ബന്ധുവും പരിചയക്കാരനും എത്തി. മെഡിക്കൽ കോളജിലേക്ക് ആംബുലൻസിൽ കൊണ്ടുപോയി.

സന്ധ്യ കഴിഞ്ഞ്, രണ്ടും കൽപ്പിച്ച് ഞാൻ അയാളുടെ നമ്പറിൽ വിളിച്ചു. കൃഷ്ണകുമാറിന്റെ ബന്ധുവാണോന്ന് ചോദിച്ചപ്പോൾ, കൃഷ്ണകുമാർ തന്നെയാണ് സംസാരിക്കുന്നതെന്ന് അയാൾ പറഞ്ഞു. ഹാവൂ... ചെറിയ ഒരു ആശ്വാസം തോന്നി. ബോധമില്ലാതെ കിടന്ന ആളാണ്. നെഞ്ചുവേദന വന്നപ്പോൾ വണ്ടി സൈഡാക്കിയതാണ്. പിന്നെ ഒന്നും ഓർമയില്ല. മെഡിക്കൽ കോളജിൽ എത്തിയപ്പോഴാണ് സ്ഥലകാലബോധം വന്നത്... അയാൾ പറയുകയായിരുന്നു. തൊട്ടുമുന്നിൽ ഡോക്ടറുണ്ട്. ഒന്നു ഡോക്ടറുടെ അടുത്ത് കൊടുക്കട്ടെയെന്ന് ചോദിച്ചു. ഡോക്ടർ ഉണ്ടായ കാര്യങ്ങൾ ചോദിച്ചു. ഞാൻ പറഞ്ഞു. ചെറിയ ബ്ലോക്കിന്റെ പ്രശ്‌നമുണ്ട്. ടെസ്റ്റുകൾ നടത്തട്ടെ.. നമുക്ക് നോക്കാമെന്നും പറഞ്ഞ് ഫോൺ വച്ചു.

Full View

തൊട്ടടുത്ത രണ്ടു ദിവസങ്ങളിലും ഞാൻ അയാളെ വിളിച്ചു. നെഞ്ചുവേദന കുറവുണ്ടെന്നും സുഖമുണ്ടെന്നും വൈകിട്ട് ഡിസ്ചാർജ് ആണെന്നും, ചെറിയ ബ്ലോക്കിന് മരുന്നു കഴിച്ചാൽ മതിയെന്ന് ഡോക്ടർ പറഞ്ഞെന്നും അയാൾ പറഞ്ഞു. ഇന്ന് 29.9.2023 തിയ്യതി തിരുത്തി സ്‌കൂളിലെ ഒരു സ്റ്റാഫിനെ ഞാൻ വിളിച്ചു. റണ്ടു ദിവസമായി കൃഷ്ണകുമാർ ജോലിക്ക് വരുന്നുണ്ടെന്നും, ഇപ്പോ കുഴപ്പങ്ങളൊന്നുമില്ലെന്നും പറഞ്ഞു കേട്ടപ്പോ സന്തോഷമായി... നേരം പുലരുമ്പോൾ ഒരു ചായ കുടിച്ച് Nicardia 20 mg ( BPയുടെ ഗുളികയും) വിഴുങ്ങി ജോലിത്തിരക്കിലേക്ക് ഓടിപ്പോവുന്ന എന്നെപ്പോലെയുള്ളവരും, പലതരം അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്ന സഹോദരന്മാരും വഴിയരികിൽ ഒന്നു വീണുകിടന്നാൽ, മദ്യത്തിന്റെ പുറത്താണെന്നും പറഞ്ഞ് ചാപ്പകുത്താതെ, തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കാൻ സന്മനസ്സ് കാണിച്ചാൽ, ഡോക്ടർ പരിശോധിക്കുമ്പോൾ അറിയാലോ മദ്യമാണോ, കഞ്ചാവാണോ, എം.ഡി.എം.എയാണോ, അതോ രോഗമാണോ എന്നൊക്കെ.. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്ന് പ്രതിജ്ഞയെടുത്തിട്ടാണ് അഭിമാനത്തോടെ കാക്കിയണിഞ്ഞത്.. അമ്പത്താറു വരെയല്ല... ആയുസും ആരോഗ്യവുമുള്ള കാലം വരെ... Really proud to be a part of Kerala Police...

Summary: Civil Police Officer Hajira recounts rescuing a patient

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News