കോട്ടയത്ത് യുവാക്കൾ തമ്മിൽ സംഘർഷം: 10 പേർ അറസ്റ്റിൽ

മോഹനനും സംഘവും ചേർന്ന് ആദ്യം വെയ്റ്റിംഗ് ഷെഡ്ഡിൽ ഇരുന്ന യുവാക്കളെ ആക്രമിക്കുകയായിരുന്നു

Update: 2023-08-23 15:40 GMT
Advertising

കോട്ടയം: തൃക്കൊടിത്താനത്ത് വെയ്റ്റിംഗ് ഷെഡിൽ വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 10 പേരെ അറസ്റ്റ് ചെയ്തു. പള്ളിക്കമറ്റം വീട്ടിൽ ജിതിൻ മോഹനൻ (23), പിതാവ് മോഹനൻ പി. ജോർജ് (48), അഞ്ജു ഭവനം വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന അരുൺകുമാർ എസ് (24), നാലുകണ്ടൻ വീട്ടിൽ മുഹമ്മദ് റോഷൻ (22), കാവിൽതെക്കേതിൽ വീട്ടിൽ അൻവർ (22) ചിറയിൽ വീട്ടിൽ ക്രിസ്റ്റിൻ രാജു (25), കാലായിൽ വീട്ടിൽ അജിൽ കുമാർ (25), തട്ടാരുപറമ്പിൽ വീട്ടിൽ വിജയ് ടി. എ (25), കരിങ്ങാമറ്റം വീട്ടിൽ സുബിൻ ജോർജ് (21), കരിങ്ങണാമറ്റം വീട്ടിൽ നൃപൻ ജോൺ (28) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടുകൂടി മോഹനനും സംഘവും ചേർന്ന് മാമൂട് ജംഗ്ഷനിലുള്ള വെയ്റ്റിംഗ് ഷെഡ്ഡിൽ ഇരുന്ന യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാക്കൾ ഇവിടെയിരുന്ന് മോഹനനെയും മകനെയും ചീത്ത കമന്റ് പറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു സോഡാ കുപ്പി കൊണ്ട് ഇവർ യുവാക്കളെ ആക്രമിച്ചത്. ഈ കേസിലാണ് ജിതിൻ പി മോഹനൻ, മോഹനൻ പി. ജോർജ്, അൻവർ ഹുസൈൻ,അരുൺകുമാർ, മുഹമ്മദ് റോഷൻ, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സംഭവത്തിനുശേഷം 11.30 മണിയോടുകൂടി സുബിനും സുഹൃത്തുക്കളും ചേർന്ന് മോഹനന്റെ വീട്ടിൽ അതിക്രമിച്ചു കയറി സിമന്റ് കട്ട കൊണ്ട് ഇവരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. വെയ്റ്റിംഗ് ഷെഡിൽ വച്ച് സുബിനെയും സുഹൃത്തിനെയും ആക്രമിച്ചതിലുള്ള വിരോധം മൂലമാണ് ഇവർ സംഘം ചേർന്ന് മോഹനന്റെ വീട്ടിൽ കയറി ആക്രമിച്ചത്. ഈ കേസിലാണ് വിജയ്, സുബിൻ ജോർജ്, അജിൽകുമാർ, ക്രിസ്റ്റിൻ രാജു, നൃപൻ എന്നിവരെ അറസ്റ്റ് ചെയ്തത്.

പരാതിയെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിൽ 10 പേരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് ജി, എസ് ഐ അഖിൽദേവ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ 10 പേരെയും റിമാൻഡ് ചെയ്തു.

Clash between youths in Kottayam: 10 arrested

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News