സംസ്ഥാനത്ത് ഡിമൻഷ്യ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

ഡിമെന്‍ഷ്യ സൗഹൃദ കൊച്ചിയുടെ പ്രഖ്യാപനവും ഡിമെന്‍ഷ്യ ക്ലിനിക്കുകളുടെയും ഡിമെന്‍ഷ്യ കെയര്‍ ഹോമുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം

Update: 2021-10-18 09:57 GMT
Editor : Jaisy Thomas | By : Web Desk
Advertising

ജീവിതത്തിന്‍റെ നല്ലൊരു ഭാഗം നാടിന്‍റെ പുരോഗതിക്കു വേണ്ടി മാറ്റിവച്ച ശേഷം വാര്‍ധക്യത്തിലേയ്ക്ക് എത്തിയവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്‍റെ ധാര്‍മിക ചുതലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിമെന്‍ഷ്യ സൗഹൃദ കൊച്ചിയുടെ പ്രഖ്യാപനവും ഡിമെന്‍ഷ്യ ക്ലിനിക്കുകളുടെയും ഡിമെന്‍ഷ്യ കെയര്‍ ഹോമുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ജില്ലയെ ഡിമെന്‍ഷ്യ സൗഹൃദ ജില്ലയാക്കി മാറ്റുന്നതിന്‍റെ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം ആരംഭിച്ചു.

എറണാകുളം ജില്ലാ ഭരണകൂടവും, കൊച്ചി കോര്‍പ്പറേഷനും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും മാജിക്സ് എന്ന സന്നദ്ധ സംഘടനയും സംയുക്തമായാണ് ഈ പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കുന്നത്. ഓരോ പ്രദേശത്തിന്‍റെയും വികസനത്തിന്‍റെ പ്രധാനപ്പെട്ട സൂചിക വയോജനങ്ങളോടുള്ള കാഴ്ചപ്പാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് കേരളം വയോജന പരിപാലനത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയത്. ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കേരളത്തിനായി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച പദ്ധതികളില്‍ സമഗ്രമായ വികസനത്തോടൊപ്പം തന്നെ സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുന്ന കാഴ്ചപ്പാടു കൂടി ഉണ്ടായിരുന്നു. എല്ലാ ജില്ലകളിലെയും പ്രധാന ആശുപത്രികളില്‍ വയോജന സൗഹൃദ വാര്‍ഡുകള്‍ സജ്ജീകരിക്കാന്‍ തീരുമാനിച്ചത് ഇതിന്‍റെ ഭാഗമായാണ്. വയോജന ആരോഗ്യ ക്യാമ്പുകളും ഉപജില്ലാതലത്തില്‍ സജീവമാണ്.

ദീര്‍ഘകാല പരിചരണം ആവശ്യമായ കിടപ്പുരോഗികള്‍ക്കും ഡിമെന്‍ഷ്യ പോലെയുള്ള രോഗങ്ങള്‍ ബാധിച്ച വൃദ്ധജനങ്ങള്‍ക്കും പരിചരണം നല്‍കുന്നതിനു പ്രത്യേക പരിശീലനം നല്‍കുന്ന പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. വയോജന സേവനത്തിനുള്ള 'പകല്‍വീടുകള്‍', 'സായംപ്രഭ ഹോമുകള്‍' എന്നിവയും നിലവിലുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ ചുവട് പിടിച്ചാണ് കൊച്ചി കോര്‍പ്പറേഷൻ ഡിമെന്‍ഷ്യ സൗഹൃദ കൊച്ചി പദ്ധതി ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ച് കൊച്ചി നഗരസഭാ പരിധിയിലുള്ള ഡിമെന്‍ഷ്യ രോഗികളുടെ പരിചരണത്തിനായി പകല്‍വീട് സ്ഥാപിക്കുന്നുണ്ട്. സംസ്ഥാനത്ത് ഡിമൻഷ്യ നയം രൂപീകരിക്കും. ജീവിത നിലവാരത്തിലും ശിശുമരണ നിരക്കിലും വികസിത രാജ്യങ്ങളോട് ഒപ്പം നില്‍ക്കുന്ന കേരളം ജീവിത ശൈലീ രോഗങ്ങളുടെ കാര്യത്തില്‍ ഇനിയും മുന്നേറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡിമൻഷ്യ രോഗികളുടെ പരിപാലനം പരിചരണത്തില്‍ മാത്രമൊതുങ്ങുന്നില്ലെന്നും രോഗനിര്‍ണയത്തിനും ചികിത്സക്കുമുള്ള ക്ലിനിക്കുകള്‍, ബോധവത്കരണ ക്ലാസുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിൻറെ ഭാഗമായി ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന്‍റെ ഭാഗമായി ഒരു പ്രത്യേക ഡിമെന്‍ഷ്യ നയം സര്‍ക്കാര്‍ രൂപീകരിക്കും. പ്രതിസന്ധി കാലഘട്ടത്തില്‍ ഒന്നിച്ചു നിന്നു പ്രവര്‍ത്തിച്ച സംസ്ഥാനത്തെ ജനങ്ങള്‍ പുതിയ ആശയങ്ങള്‍ക്ക് വേണ്ടിയും ഒന്നിച്ചു നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News