കാൽ നൂറ്റാണ്ടു നീണ്ട വിചാരണ; ഒടുവിൽ മഅ്ദനിക്ക് ആശ്വാസമായി വിധി

ഒന്നുമുതൽ മൂന്ന് വരെ പ്രതികളായ നടുവട്ടം എ.ടി. മുഹമ്മദ് അഷ്റഫ്, പന്നിയങ്കര എം.വി. സുബൈർ, കെ. അയ്യപ്പൻ, നാലാം പ്രതി അബ്ദുന്നാസിർ മഅ്ദനി എന്നിവരെയാണ് 25 വര്‍ഷത്തിന് ശേഷം വിട്ടയച്ചു കൊണ്ട് മൂന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് ആർ. മധു ഉത്തരവിട്ടത്

Update: 2023-05-17 13:13 GMT

Abdul Nasir Maudany

കോഴിക്കോട്: കോയമ്പത്തൂര്‍ സ്ഫോടനത്തിലെ പ്രതികളെ സഹായിച്ചെന്ന കേസില്‍ കാൽ നൂറ്റാണ്ടു നീണ്ട വിചാരണക്ക് ശേഷമാണ് അബ്ദുന്നാസര്‍  മഅ്ദനിയെ തേടി  ആശ്വാസ വിധിയെത്തുന്നത്. 1998 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം. കോയമ്പത്തൂർ സ്ഫോടനം കഴിഞ്ഞയുടൻ ആയുധങ്ങളുമായി രണ്ടുപേർ കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡിൽ പിടിയിലായതിനെ തുടർന്ന് കസബ പൊലീസാണ് കേസെടുത്തത്. 

വിചാരണക്കിടെ സാക്ഷികൾ കൃത്യമായി ഹാജരാകാതിരുന്നത്, ജഡ്ജിമാരുടെ സ്ഥലം മാറ്റം, മഅ്ദനിക്ക് കേസിൽ ഹാജരാകാൻ കഴിയുന്നതിലെ ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങളാലാണ് വിചാരണ നീണ്ടുപോയത്. ഒടുക്കം ഒന്നുമുതൽ മൂന്ന് വരെ പ്രതികളായ നടുവട്ടം എ.ടി. മുഹമ്മദ് അഷ്റഫ്, പന്നിയങ്കര എം.വി. സുബൈർ, കെ. അയ്യപ്പൻ, നാലാം പ്രതി അബ്ദുന്നാസിർ മഅ്ദനി എന്നിവരെയാണ് 25 വര്‍ഷത്തിന് ശേഷം വിട്ടയച്ചു കൊണ്ട് മൂന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് ആർ. മധു ഉത്തരവിട്ടത്.

Advertising
Advertising

കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിചേർത്ത മജീദ് എന്ന ഊമ ബാബുവിനെ 1998 മാർച്ച് 29ന് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കോഴിക്കോട്ട് സ്ഥിരം വരികയും ഒളിവിൽ താമസിക്കുകയും കോഴിക്കോട്ടുകാരായ ചിലർ ആയുധങ്ങൾ എത്തിച്ചുനൽകുകയും ചെയ്തതായി ഊമ ബാബു മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ 1998 മാർച്ച് 31ന് നടന്ന പരിശോധനയിൽ മൊഫ്യൂസിൽ സ്റ്റാൻഡിന് സമീപത്തുനിന്ന് അഷ്റഫിനെയും സുബൈറിനെയും കസബ പൊലീസ് നാടൻ നിർമിത കൈത്തോക്കും തിരകളുമായി അറസ്റ്റിലായെന്നാണ് കേസ്. മഅ്ദനിക്കായി ഈയിടെ അന്തരിച്ച അഡ്വ. എം. അശോകനും മറ്റു പ്രതികൾക്കായി അഡ്വ. കെ.പി. മുഹമ്മദ് ശരീഫ്, അഡ്വ. അനീഷ്, അഡ്വ. റഫീഖ് എന്നിവരുമാണ് ഹാജരായത്.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News