Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ പി.എം.എല്‍.എ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി പരാതിക്കാരന്‍ തിരൂര്‍ സതീഷ്. തൃശ്ശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് നേരത്തെ തിരൂര്‍ സതീഷ് സ്വകാര്യ അന്യായം സമര്‍പ്പിച്ചിരുന്നു.
സ്വകാര്യ അന്യായം പരിഗണിച്ച കോടതി പരാതിയില്‍ കഴമ്പുണ്ടെന്നും പിഎംഎല്‍എ കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ആയിരുന്നുവെന്ന് തിരൂര്‍ സതീഷ് പറഞ്ഞു. ബിജെപി നേതാക്കള്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ചാക്കുകട്ടില്‍ പണം കടത്തിയെന്നാ യിരുന്നു തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍.
കേസില്‍ താന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് തിരൂര്‍ സതീഷ്. ചേലക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് സതീഷ് വെളിപ്പെടുത്തല്‍ നടത്തിയത്. കൊടകരയില്‍ എത്തിച്ച പണം യഥാര്‍ത്ഥത്തില്‍ ബിജെപി ജീല്ലാ ഓഫിസില്‍ എത്തിച്ച ചാക്കുകെട്ടുകളാണ്, അതില്‍ അന്നത്തെ ബിജെപിയുടെ ഉന്നതനേതൃത്വത്തിന് പങ്കുണ്ടെന്ന പ്രധാന വെളിപ്പെടുത്തലാണ് തിരൂര്‍ സതീഷ് നടത്തിയത്.