മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്തെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പ്രതിഷേധം
പാർട്ടിതല നടപടി മാത്രം പോരെന്നും സത്യനാരായണനെതിരെ പൊലീസ് കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം
പാലക്കാട്: ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ 11-ാം വാർഡിൽ മരിച്ച രണ്ട് വയോധികരുടെ പെൻഷൻ തുക തട്ടിയെടുത്തെന്ന സംഭവത്തിൽ സിപിഎം മണ്ണമ്പറ്റ സെക്രട്ടറി സത്യനാരായണനെതിരെ നിയമനടപടി ആവശ്യപ്പെട്ട് പ്രതിഷേധം. കൃഷ്ണൻകുട്ടി പണിക്കർ, നാരായണഗുപ്തൻ എന്നിവരുടെ പെൻഷൻ തുകയാണ് വ്യാജ ഒപ്പിട്ട് കൈപ്പറ്റിയതെന്നാണ് ആരോപണം.
കൃഷ്ണൻകുട്ടി പണിക്കർ ജൂലൈയിലും നാരായണഗുപ്തൻ ഓഗസ്റ്റിലുമാണ് മരിച്ചത്. എന്നാൽ സെപ്റ്റംബർ മാസം വരെയും ഇരുവരും പെൻഷൻ കൈപ്പറ്റിയതായി രേഖകളിൽ വ്യാജ ഒപ്പിട്ട് സത്യനാരായണൻ പണം കൈപ്പറ്റിയെന്നാണ് പരാതി.
സഹകരണ ബാങ്കിന്റെ പെൻഷൻ വിതരണ ചുമതല സത്യനാരായണനായിരുന്നു. സംഭവം പുറത്തുവന്നതിനെ തുടർന്ന് ഇയാളെ പെൻഷൻ വിതരണ ചുമതലയിൽനിന്നും പാർട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി.
എന്നാൽ പാർട്ടിതല നടപടി മാത്രം പോരെന്നും സത്യനാരായണനെതിരെ പൊലീസ് കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഭവത്തിൽ ബാങ്കിനും പാർട്ടി നേതൃത്വത്തിനും കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും നിയമനടപടി വൈകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നു.