Writer - രാഗേന്ദു പി.ആർ
Web Journalist
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം. ശബരിമല സീസണ്‍ ഒഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനമാണിത്. വ്യാഴാഴ്ച 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ഇതില്‍ പ്രിയദര്‍ശിനി സര്‍വീസുകളുടെ വരുമാനം മാറ്റിയാലും മറ്റ് സര്‍വീസുകളില്‍ നിന്നുമാത്രം 7.33 കോടി രൂപ നേടാന്‍ കോര്‍പറേഷനായി.
വെറ്റ് ലീസ് ബസുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അന്തര്‍സംസ്ഥാന സര്‍വീസുകളിലൂടെ, ശരാശരി 5.77 കോടി രൂപയായിരുന്ന പ്രിയദര്‍ശിനി ഇതര സര്‍വീസുകളുടെ വരുമാനം 7.33 കോടിയിലേക്ക് ഉയര്‍ത്തി. കഴിഞ്ഞ വർഷം ഇക്കാലയളവില്‍ 9.41 കോടി രൂപയായിരുന്നു ആകെയുള്ള ടിക്കറ്റ് വരുമാനം. എന്നാല്‍ 2026ല്‍ 1.24 കോടി രൂപയിലധികം വര്‍ധനവ് ഉണ്ടാക്കി.
വ്യാഴാഴ്ച 4,612 ബസുകള്‍ ഉപയോഗിച്ച് 16.02 ലക്ഷം കിലോമീറ്ററാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത്. ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി വരുമാനം കഴിഞ്ഞ വര്‍ഷത്തെ 58.80 രൂപയില്‍ നിന്ന് 66.44 രൂപയായി ഉയര്‍ന്നു. ഒരു ബസില്‍ നിന്നുള്ള ശരാശരി വരുമാനം 20,094 രൂപയില്‍ നിന്ന് 23,215 രൂപയായും വര്‍ധിച്ചു.
ഒറ്റ ദിവസം കൊണ്ട് 30.61 ലക്ഷം യാത്രക്കാരാണ് കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിച്ചത്. യാത്രക്കാരുടെ ആവശ്യകത മനസിലാക്കി കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കാനും ലഭ്യമായ ബസുകള്‍ കാര്യക്ഷമമായി ഉപയോഗിച്ച് വരുമാനം വര്‍ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.