വായ്പാ കുടിശ്ശികയുടെ പേരിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി
വായ്പ്പാറപടി സ്വദേശി അസദുള്ളയെയും കുടുംബത്തെയുമാണ് ആക്രമിച്ചത്
മലപ്പുറം: മഞ്ചേരിയിൽ വായ്പാ കുടിശ്ശികയുടെ പേരിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. വായ്പ്പാറപടി സ്വദേശി അസദുല്ലയെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. പരിക്കേറ്റവർ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് അസദുല്ലയുടെ കുടുംബം വായ്പ എടുത്തിരുന്നു. രണ്ടുവർഷമായി കൃത്യമായി തിരിച്ചടച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ടു മാസമായി പണം അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ധനകാര്യ സ്ഥാപനത്തിലെ രണ്ട് ജീവനക്കാർ വീട്ടിലെത്തിയത്.
പണം ഉടൻ അടയ്ക്കാമെന്ന് അറിയിച്ചെങ്കിലും സംഘം മർദിക്കുകയായിരുന്നു എന്നാണ് പരാതി. മകൻ അമീൻ സിയാദിനെ ഹെൽമറ്റ് കൊണ്ട് അടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അസദുല്ലയ്ക്കും ഭാര്യക്കും പരിക്കേറ്റത്.
സംഭവത്തിൽ കുടുംബം മഞ്ചേരി പൊലീസിൽ പരാതി നൽകി. അതേസമയം, കുടുംബത്തെ ആക്രമിച്ചിട്ടില്ലെന്നാണ് ധനകാര്യ സ്ഥാപന ജീവനക്കാർ നൽകുന്ന വിശദീകരണം.