Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കൊച്ചി : 'ഒരാളെ തട്ടിക്കൊണ്ടുപോകുന്നത് വലിയ കാര്യമല്ല. ഒരു കോഴിയെ പിടിക്കുന്ന പോലെ നിസാരമാണ്'. കേരളത്തിലെ ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ സുനിൽ കുമാർ എന്ന പൾസർ സുനിയുടെ വാക്കുകളാണിത്.
ഇന്ന് (ഡിസംബർ 8) പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഈ കേസിൽ പൾസർ സുനിയെ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. 2017 ഫെബ്രുവരി 17ന് നടന്ന കുറ്റകൃത്യത്തിനുള്ള ശിക്ഷ ഡിസംബർ 12ന് കോടതി വിധിക്കും. ഒന്നര കോടി രൂപക്കാണ് താൻ ഈ കുറ്റകൃത്യം നടത്തിയതെന്ന് സുനി 'ദി ന്യൂസ് മിനുട്ടിന്' നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദിലീപാണ് പുറകിലെന്ന് അക്രമിക്കപ്പെടും മുൻപ് നടിക്ക് മനസിലായതായും അഭിമുഖത്തിൽ സുനി വെളിപ്പെടുത്തുന്നു.
2024 സെപ്റ്റംബറിൽ സുപ്രിം കോടതി സുനിക്ക് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ പതിമൂന്ന് മാസത്തിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ സുനിക്ക് വിലക്കുണ്ടായിരുന്നെങ്കിലും ജയിലിൽ നിന്ന് ഇറങ്ങി ഒരു മാസത്തിനുശേഷം 'ദി ന്യൂസ് മിനുട്ടിലെ' നിധി സുരേഷുമായി നടത്തിയ അഭിമുഖത്തിലാണ് സുനി നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
മണികണ്ഠനാണ് വണ്ടി ഓടിച്ചതെന്നും വണ്ടിയിൽ കയറിയപ്പോൾ തന്നെ നടി തന്നെ തിരിച്ചറിഞ്ഞതായും അഭിമുഖത്തിൽ പറയുന്നു. പിന്നീട് 'ഇതാണ് പ്ലാൻ സഹകാരിച്ചേ പറ്റൂ' എന്ന് നടിയോട് പറയേണ്ടി വന്നതായും സുനി കൂട്ടിച്ചേർത്തു. ഈ സംഭാഷണങ്ങളിലുടനീളം ഒരു സിനിമയിലെ രംഗം വിവരിക്കുന്നതുപോലെ അതിജീവതക്ക് നേരെ താൻ നടത്തിയ അക്രമത്തെക്കുറിച്ച് സുനി വിവരിക്കുന്നുണ്ട്.
2017 ഫെബ്രുവരിയിൽ താനും അഞ്ച് പേരും ചേർന്ന് നടിയെ തട്ടിക്കൊണ്ടുപോയി അവരുടെ സ്വന്തം കാറിൽ നടത്തിയ ആക്രമം സുനി സമ്മതിക്കുന്നു. രാത്രി 9 മണിയോടെ കൊച്ചിയിലെ തിരക്കേറിയ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോൾ പിൻസീറ്റിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതായും സുനി വെളിപ്പെടുത്തി. ആക്രമണം മൊബൈൽ ഫോണിൽ പകർത്തുകയും ദൃശ്യങ്ങളുടെ മൂന്ന് പകർപ്പുകൾ ഉണ്ടാക്കുകയും ചെയ്തു. ഒന്ന് വക്കീലിന് കൈമാറുകയും മറ്റൊന്ന് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലും അവശേഷിക്കുന്ന ഒരു മെമ്മറി കാർഡ് തന്റെ പക്കലുണ്ടെന്നും സുനി സമ്മതിച്ചു.
കുറ്റകൃത്യങ്ങളുടെ ലോകം സുനിക്ക് പുതുമയല്ല. 19 വയസ് മുതൽ മയക്കുമരുന്ന്, മോഷണം, കവർച്ച, കള്ളപ്പണം വെളുപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾക്ക് അയാൾ പലതവണ ജയിലിൽ കിടന്നിട്ടുണ്ട്. മലയാള ചലച്ചിത്രമേഖലയിൽ രണ്ട് പതിറ്റാണ്ടോളം ഡ്രൈവറായി ജോലി ചെയ്തിട്ടും ക്രിമിനൽ പ്രവർത്തനങ്ങൾക്കാണ് തനിക്ക് കൂടുതൽ ആവശ്യക്കാരുള്ളതെന്ന് സുനി അവകാശപ്പെടുന്നു. നടിയെ ആക്രമിച്ചതിന് 'നൂറ് ദിവസത്തിൽ കൂടുതൽ' ജയിലിൽ കിടക്കേണ്ടി വരുമെന്ന് സുനി പ്രതീക്ഷിച്ചിരുന്നതായും പറയുന്നു.