പാലത്തായി പോക്സോ കേസ്: കുട്ടിയെ കൗൺസലിങ് നടത്തിയവർക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി

പ്രസ്തുത കൗൺസലർമാർക്ക് ജോലിയിൽ തുടരാൻ അർഹതയില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Update: 2025-11-19 12:06 GMT

കോഴിക്കോട്: പാലത്തായി പോക്സോ കേസിൽ കുട്ടിയെ കൗൺസലിങ് നടത്തിയവർക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി. സാമൂഹികപ്രവർത്തകൻ ദിനു വെയിൽ ആണ് വനിതാ- ശിശു വികസന വകുപ്പ്, ഡിജിപി, ബാലാവകാശ കമ്മീഷൻ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയത്. കേസിൽ കൗൺസലർമാർക്കെതിരായ കോടതിയുടെ ഗുരുതര കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി.

ഈ കൗൺസലർമാർക്ക് ജോലിയിൽ തുടരാൻ അർഹതയില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയെ നിരവധി ദിവസങ്ങളോളം മണിക്കൂറുകളോളം ഇടവിടാതെ ചോദ്യം ചെയ്യുക വഴി കൗൺസലർമാർ മറ്റൊരു അന്വേഷണ ഏജൻസി പോലെ പെരുമാറിയെന്നും അശ്ലീലവും വൃത്തികെട്ടതുമായ ചോദ്യങ്ങൾ ചോദിച്ച് അവർ ചുമതല പോലും മറന്ന് കുട്ടിയെ മാനസികമായി തകർക്കാൻ ശ്രമിച്ചെന്നും കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് ദിനു വെയിൽ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

Advertising
Advertising

അശ്ലീലച്ചുവയുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്തുകൊണ്ട് ഇടപെട്ടില്ലെന്നും കോടതി വിമർശിച്ചു. പ്രസ്തുത മാനസികാരോഗ്യ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിലെ ഓരോ ചോദ്യങ്ങളും വിശദമായി പരിശോധിച്ച കോടതി, അവരുടെ ചോദ്യങ്ങൾ വഴി പ്രതിഭാഗത്തിന്റെ വാദങ്ങളെ പിന്തുണയ്ക്കാൻ ആവശ്യമായ ഇടപെടലുകൾ കൃത്യമായി ഉണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമം നേരിടേണ്ടിവന്ന കുട്ടിയെ വീണ്ടും മാനസികമായി തകർത്ത മാനസികാരോഗ്യ വിദഗ്‌ധർ യാതൊരു കാരണവശാലും പ്രസ്തുത ജോലിക്ക് അർഹരല്ലെന്നും ദിനു വെയിൽ പറഞ്ഞു.

ഇവർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് 2020 സെപ്തംബർ 21ന് അന്നത്തെ വനിതാ ശിശുവികസന മന്ത്രിക്ക് പരാതി നൽകിയിരുന്നു. നിലവിൽ കോടതിയുടെ കണ്ടെത്തലുകൾ വന്ന സാഹചര്യത്തിൽ പ്രസ്തുത ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ദിശാ സെക്രട്ടറി എന്ന നിലയിൽ വനിതാ ശിശുവികസന വകുപ്പ്, ഡിജിപി, സംസ്ഥാന ബാലാവകാശ കമീഷൻ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്- ദിനു വെയിൽ കൂട്ടിച്ചേർത്തു.

ബിജെപി നേതാവായ അധ്യാപകന്‍ കെ. പത്മരാജന്‍ പ്രതിയായ പാലത്തായി പീഡനക്കേസില്‍ കൗണ്‍സലിങ് നടത്തിയവര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതായും അതിവേഗ പോക്‌സോ കോടതി കണ്ടെത്തിയിരുന്നു. അത് തടയാന്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ശ്രമിച്ചില്ലെന്നും അന്വേഷണസംഘവും ഉദ്യോഗസ്ഥരും ഇടയ്ക്ക് മാറിയത് കുട്ടിക്ക് മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പൂട്ടുള്ള ശൗചാലയം എന്ന് കുട്ടി പറഞ്ഞത് മഹസര്‍ എഴുതിയപ്പോള്‍ പൂട്ടില്ലാത്തത് എന്നായി. കുട്ടിയുടെ വിശദമായ മൊഴിയും കേസന്വേഷണഘട്ടത്തില്‍ കുട്ടിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടും അന്വേഷണത്തിലെ പിഴവുമെല്ലാം ചൂണ്ടിക്കാട്ടുന്നതാണ് ജഡ്ജി എ.ടി ജലജാറാണിയുടെ 167 പേജുള്ള വിധിന്യായം. കേസിൽ, കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി പത്മരാജന് മരണം വരെ ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 


Full View


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News