ചൊവ്വന്നൂരിലും നടപടി; പഞ്ചായത്ത് പ്രസിഡൻ്റിനെ കോൺഗ്രസ് പുറത്താക്കി
മറ്റത്തൂർ പഞ്ചായത്തിലെ ബിജെപി സഖ്യവുമായി ബന്ധപ്പെട്ടും കോൺഗ്രസിൽ നടപടി തുടരുകയാണ്
തൃശൂർ: കുന്നംകുളം ചൊവ്വന്നൂർ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെ ജയിച്ച പഞ്ചായത്ത് പ്രസിഡൻ്റിനെ കോൺഗ്രസ് പുറത്താക്കി. നിതീഷ് എ. എമ്മിനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. എസ്ഡിപിഐ പിന്തുണയോടെ ജയിച്ച നിതീഷിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും രാജിവച്ചിരുന്നില്ല.
അതേസമയം മറ്റത്തൂർ പഞ്ചായത്തിലെ ബിജെപി സഖ്യവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടപടി തുടരുന്നു. പഞ്ചായത്ത് അംഗങ്ങളായി വിജയിച്ച മുഴുവൻ കോൺഗ്രസ് പ്രവർത്തകരെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. എട്ട് പഞ്ചായത്ത് അംഗങ്ങളെയാണ് പുറത്താക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി ടി.എം ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ് നടന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എട്ട് കോൺഗ്രസ് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവെക്കുകയായിരന്നു. തുടർന്ന് ഇവർ എട്ടുപേരും ബിജെപി അംഗങ്ങളും യുഡിഎഫ് വിമതയായി ജയിച്ചെത്തിയ ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചു. ഇതോടെ ടെസി ജോസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.